അദാലത്തിൽ 138 പരാതികൾ മരണക്കിണർ അപകടമരണം: നഷ്​ടപരിഹാരത്തിന് ശിപാർശ ചെയ്യുമെന്ന് കലക്ടർ

പട്ടാമ്പി: മരണക്കിണറിൽനിന്ന് മോട്ടോർ സൈക്കിൾ കാണികൾക്കിടയിലേക്ക് പാഞ്ഞുകയറി വീട്ടമ്മ സുഹ്റ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരത്തിന് സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് ജില്ല കലക്ടർ പി. സുരേഷ്ബാബു. വല്ലപ്പുഴ പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിയിൽ പേരുണ്ടായിരുന്ന സുഹ്റ മരിച്ചതിനാൽ മക്കളുടെ പേര് ഉൾപ്പെടുത്തണമെന്ന ആവശ്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ വില്ലേജ് ഓഫിസർക്ക് അദ്ദേഹം നിർദേശം നൽകി. നഗരസഭാങ്കണത്തിൽ നടന്ന താലൂക്ക് അദാലത്തിൽ സുഹ്റയുടെ മക്കളും മാതാപിതാക്കളുമാണ് കലക്ടറെ കാണാനെത്തിയത്. താലൂക്ക് ആശുപത്രിയിൽ ആംബുലൻസില്ലാത്തതും നഗരത്തിൽ പ്രാഥമിക കൃത്യനിർവഹണ പ്രയാസങ്ങളും ഭാരതപ്പുഴ സംരക്ഷണം, റേഷൻ കാർഡ് മുൻഗണന പട്ടിക, അനധികൃത ക്വാറി-ക്രഷർ പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം, വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്‍നം, പട്ടയം ലഭിച്ചിട്ടും നികുതി അടക്കാന്‍ കഴിയാത്ത നിയമതടസ്സം എന്നിവയും അദാലത്തിൽ പരിഗണിച്ചു. റവന്യൂ, ഫുഡ് ആൻഡ് സേഫ്റ്റി, മൃഗസംരക്ഷണം, ലാൻഡ് ൈട്രബ്യൂണല്‍, എക്‌സൈസ്, പൊലീസ്, ഗതാഗതം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, സിവിൽ സപ്ലൈസ്, വനം തുടങ്ങിയ വകുപ്പുകള്‍ക്ക് അദാലത്തില്‍ പ്രത്യേകം കൗണ്ടറുകള്‍ തുറന്നിരുന്നു. മുമ്പ് ഓണ്‍ലൈന്‍ വഴി പരാതി സമര്‍പ്പിക്കാത്തവര്‍ക്ക് പരാതി നല്‍കാനും അദാലത്തില്‍ അവസരമൊരുക്കിയിരുന്നു. പരാതികളില്‍ 15 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കുകയോ മറുപടി നല്‍കുകയോ വേണമെന്ന് വകുപ്പധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ല കലക്ടര്‍ പി. സുരേഷ്ബാബു, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, തഹസിൽദാർ കെ.ആർ. പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു. നിവേദനം നൽകി പട്ടാമ്പി: കൊപ്പം പഞ്ചായത്തിലെ മണ്ണേങ്കോട് താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട ഒമ്പതോളം കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള ദലിത് ഫോറം ജില്ല കമ്മിറ്റി പ്രസിഡൻറ് ചോലയിൽ വേലായുധ‍​െൻറ നേതൃത്വത്തിൽ പാലക്കാട് ജില്ല കലക്ടർക്ക് നിവേദനം നൽകി. വാസയോഗ്യമായ വീട്, വൈദ്യുതി, വെള്ളം, കക്കൂസ്, ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ലെന്നും വിഷയത്തിൽ അടിയന്തരമായി ഇടപ്പെടണമെന്നും നിവേദനത്തിൽ പറയുന്നു. ജില്ല ഭാരവാഹികളായ രാജേന്ദ്രൻ മുതുതല, വി.പി. മാധവൻ, എം. കുഞ്ഞൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.