മന്ത്രിയുടെ നിർദേശത്തിന് പുല്ലുവില; വയൽ നികത്താൻ അധികൃതരുടെ ഒത്താശ

കൂറ്റനാട് (പാലക്കാട്): മൂന്നേക്കർ നെൽവയൽ സ്വകാര്യ വ്യക്തി നികത്തി ക്രഷർ യൂനിറ്റ് നിർമിക്കുന്നുവെന്ന വി.ടി. ബൽറാം എം.എൽ.എയുടെ പരാതിയിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട കൃഷിമന്ത്രി വി.എസ്. സുനിൽകുമാറി​െൻറ നിർദേശത്തിന് പുല്ലുവില. മന്ത്രിയുടെ നിർദേശം തള്ളി നെൽവയൽ നികത്താൻ പാലക്കാട് ജില്ല കലക്ടർ കൂട്ടുനിൽക്കുന്നെന്നാണ് ആക്ഷേപം. തൃത്താല പഞ്ചായത്തിലെ മേഴത്തൂർ കോടനാട്ട് സ്വകാര്യ വ്യക്തി നെൽപാടം മണ്ണിട്ട് നികത്തിയ സംഭവത്തിലാണ് കലക്ടർ സ്വകാര്യവ്യക്തിക്ക് അനുകൂല നടപടി സ്വീകരിക്കുന്നത്. ശനിയാഴ്ച പട്ടാമ്പിയിൽ അദാലത്തിനെത്തിയ കലക്ടറോട് മാധ്യമപ്രവർത്തകർ വയൽ നികത്തൽ സംഭവം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം രോഷാകുലനായി. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാനാണ് അദാലത്തിനെത്തിയതെന്നും നെൽവയൽ നികത്തിയത് സന്ദർശിക്കാനല്ലെന്നും കലക്ടർ പറഞ്ഞു. അദാലത്തിലും വയൽ നികത്തിയ പരാതിയുയർന്നു. 'നിങ്ങൾക്ക് റോഡ് വികസനം വേണമെങ്കിൽ മെറ്റീരിയിൽസ് വേണ്ടി വരും. അതിന് ഇത്തരം സൗകര്യം ചെയ്യേണ്ടി വരും' എന്നായിരുന്നു കലക്ടറുടെ പ്രതികരണം. രാവിലെ ഒമ്പതിന് അദാലത്തിലെത്തേണ്ട കലക്ടർ 12 മണിയോടെയാണ് എത്തിയത്. ഒന്നരയോടുകൂടി കലക്ടർ അദാലത്ത് അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. വയൽ നികത്തിയതിനെതിരെ അദാലത്തിൽ രണ്ട് പരാതികൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് പ്രദേശത്ത് വയൽ നികത്തലുമായി ബന്ധപ്പെട്ട് നാട്ടുകാർ രംഗത്തെത്തുന്നത്. തൃത്താല വില്ലേജ് ഓഫിസർക്ക് പരാതി നൽകിയതിനെ തുടർന്ന് സ്റ്റോപ്പ് മെമോ നൽകിയെങ്കിലും ഇത് വകവെക്കാതെ ടാർ മിക്സിങ് യൂനിറ്റ് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. വിലക്ക് ലംഘിച്ചതിനെതിരെ വില്ലേജ് ഓഫിസർ പാലക്കാട് സി.ജെ.എം കോടതിയിൽ കേസ് ഫയൽ ചെയ്തു. സ്ഥലയുടമ സ്റ്റേ നീക്കാൻ ഹൈകോടതിയെ സമീപിച്ചെങ്കിലും പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന പ്രവർത്തനമാണെന്ന് വിലയിരുത്തി കോടതി സ്റ്റേ നീക്കിയില്ല. വി.ടി. ബൽറാം എം.എൽ.എ സ്ഥലം സന്ദർശിച്ച് പ്രശ്നം നിയമസഭയിൽ ഉന്നയിക്കുകയും കൃഷിമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. തുടർന്ന് മന്ത്രി പരാതി കലക്ടർക്ക് കൈമാറി ആവശ്യമായ നടപടിയെടുക്കാൻ നിർദേശിച്ചതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.