സ്നേഹനിലാവ് പരന്നൊഴുകി; 'തമ്പി'ൽ വീണ്ടും സ്മൃതിദീപം തെളിഞ്ഞു

കുറ്റിപ്പുറം: മനുഷ്യായുസ്സിനേക്കാൾ വേഗത്തിൽ മെലിഞ്ഞൊട്ടിയ നിളയുടെ തീരത്ത് 40 ആണ്ടിനുശേഷം അവർ ഓർമയുടെ തമ്പ് കെട്ടി ഒത്തുകൂടി. സിനിമ പിറന്ന വഴികളും ചിത്രീകരിച്ച കഥകളും പങ്ക് വെച്ചപ്പോൾ എല്ലാവരുടേയും ഓർമയിൽ സമൃദ്ധമായി നിറഞ്ഞത് പരന്നൊഴുകിയിരുന്ന നിളയുടെ കാഴ്ച. ജി. അരവിന്ദൻ സംവിധാനം ചെയ്ത 'തമ്പ്' സിനിമയുടെ 40ാം വാർഷികത്തിൽ സിനിമ-സാംസ്കാരിക പ്രവർത്തകർ നിളയുടെ മടിത്തട്ടിൽ സംഗമിച്ചപ്പോൾ ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിനുള്ള ശബ്ദമുയർന്നു. കുറ്റിപ്പുറം ചെമ്പിക്കലിൽ നിളയോരത്താണ് തമ്പ് പ്രവർത്തകർ ഒത്തുചേർന്നത്. 'തമ്പി'ലൂടെ സിനിമലോകത്തേക്ക് കടന്നുവന്ന നെടുമുടി വേണു, വി.കെ ശ്രീരാമൻ മുതൽ നായിക ജലജ വരെ ഓർമത്തുരുത്തിൽ ഒത്തുകൂടാനെത്തി. ജി. അരവിന്ദ​െൻറ ഭാര്യ ലീല അരവിന്ദൻ, 'തമ്പി'ൽ ഗാനം ആലപിച്ച കാവാലം ശ്രീകുമാർ, അഭിനയിച്ച ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവർ ചേർന്ന് സ്മൃതിദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. അകമ്പടിയായി കാവാലം ശ്രീകുമാർ 'തമ്പി'ലെ ഗാനങ്ങൾ ആലപിക്കുകയും ഞരളത്ത് ഹരിഗോവിന്ദൻ ഇടക്കയിൽ താളമിടുകയും ചെയ്തു. സിനിമ-സാംസ്കാരിക പ്രവർത്തകർ ചേർന്ന് നിളയിൽ 40 മൺചെരാതുകൾ തെളിയിച്ചൊഴുക്കി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, വി.കെ ശ്രീരാമൻ, നെടുമുടി വേ‍ണു, സത്യൻ അന്തിക്കാട്, ഇക്ബാൽ കുറ്റിപ്പുറം, നടി ജലജ, കവി ആലങ്കോട് ലീലാകൃഷ്ണൻ, എം.എൽ.എമാരായ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, കെ.വി. അബ്ദുൽ ഖാദർ, തുടങ്ങിയവർ സംസാരിച്ചു. പിന്നണി പ്രവർത്തകരെ ആദരിച്ചു. പുഴ ആത്മഹത്യ ചെയ്യില്ല, നാം കൊല്ലുകയാണ് കുറ്റിപ്പുറം: ''ആയുസ്സറ്റല്ല ഈ പുഴ മരിക്കുന്നത്, കൊല്ലുകയാണ് നമ്മൾ. അരുത്. തെക്ക് നിന്ന് ഞങ്ങളെല്ലാവരും അതിനെ നോക്കിക്കാണുന്നത് ഒട്ടേറെ സംസ്കൃതികൾ വിളയിച്ചെടുത്ത നദിയായാണ്. നിങ്ങൾ നാട്ടുകാർ അത് വീണ്ടെടുക്കാൻ മുന്നിട്ടിറങ്ങണം''- അത്രയും പറഞ്ഞപ്പോഴേക്കും നടൻ നെടുമുടി വേണുവിന് കണ്ഠമിടറി. നിളയുടെ പ്രതാപകാലം സ്മരിച്ചാണ് സിനിമ പ്രവർത്തകരെല്ലാം 'തേമ്പാ'ർമകളുടെ കെട്ടഴിച്ചത്. എല്ലാവർക്കും ആവശ്യം ഒന്നേയുണ്ടായിരുന്നുള്ളൂ, പുഴയെ വീണ്ടെടുക്കണം. പുഴയെക്കുറിച്ച് കവിതയെഴുതി എന്നല്ലാതെ ക്രിയാത്മകമായി മലയാളി പുഴക്ക് വേണ്ടി എന്തു ചെയ്തെന്ന് പരിശോധിക്കണമെന്ന് നടൻ വി.കെ. ശ്രീരാമൻ ആവശ്യപ്പെട്ടു. ദാരുണ കാഴ്ചയാണിന്നുള്ളത്. പുഴ ആത്മഹത്യ ചെയ്യില്ല. കൊല്ലുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. നിള മരിച്ച് കഴിഞ്ഞെന്ന് ആശങ്കപ്പെട്ട സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുനരുജ്ജീവനത്തിന് സർക്കാർ അഞ്ച് കോടിയുടെ പദ്ധതി തയാറാക്കി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഒരു പുഴ സൃഷ്ടിക്കാൻ പ്രയത്നിച്ച ഭഗീരഥ ചക്രവർത്തിയുടെ പിൻമുറക്കാർ പുഴയെ കൊല്ലാൻ വർഷങ്ങളായി ഭഗീരഥ പ്രയത്നം നടത്തുകയാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.