കൈവശ രേഖയിൽ കൃത്രിമം; സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അറസ്​റ്റിൽ

ചെർപ്പുളശ്ശേരി (പാലക്കാട്): വാണിജ്യകെട്ടിട നിർമാണത്തിന് കൈവശരേഖയിൽ കൃത്രിമം കാണിച്ച കേസിൽ സി.പി.എം നെല്ലായ ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. എഴുവന്തല പൂവ്വത്തുംകുഴി വീട്ടിൽ സൈനുദ്ദീനെയാണ് (57) വിജിലൻസ് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള എഴുവന്തല പാറപ്പുറത്ത് കുഞ്ഞുമുഹമ്മദി​െൻറ ഉടമസ്ഥതയിലുള്ള ഇടുതറയിൽ നിർമിച്ച വാണിജ്യകെട്ടിടത്തിന് അനുമതി ലഭിക്കാൻ വ്യാജ കൈവശ രേഖ തയാറാക്കിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 2014ൽ കുലുക്കല്ലൂർ വില്ലേജ് ഒാഫിസിൽ നിന്നും ലഭിച്ച കൈവശ സർട്ടിഫിക്കറ്റിൽ നിലം എന്നത് കരഭൂമി എന്നാക്കുകയായിരുന്നു. ഇൗ രേഖ കാണിച്ച് വീട് നിർമിക്കാനുള്ള അപേക്ഷ നൽകിയെങ്കിലും എഴുവന്തലയിലെ റോഡരികിൽ വാണിജ്യ കെട്ടിടം നിർമിച്ചതായും കണ്ടെത്തി. കമ്പ്യൂട്ടർ സഹായത്താൽ രേഖയിൽ കൃത്രിമം കാണിക്കാൻ കൂട്ടുനിന്ന കുലുക്കല്ലൂർ സ്വദേശി മുഹമ്മദ് അൻസാറിനെ രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ വിദേശത്താണ്. വിദേശത്തുള്ള സ്ഥല ഉടമയുടെ വ്യാജ ഒപ്പാണ് അപേക്ഷയിലുണ്ടായിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖ സമർപ്പിച്ച കെട്ടിടത്തിന് അന്നത്തെ എൽ.ഡി.എഫ് ഭരണസമിതി കെട്ടിട നമ്പറും നൽകിയിരുന്നു. എന്നാൽ, കൃത്രിമം ഉണ്ടെന്ന് കണ്ടെത്തി പിന്നീട് കെട്ടിട നമ്പർ പിൻവലിച്ചു. പൊതുപ്രവർത്തകൻ മന്ത്രിക്കും വിജിലൻസിനും പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് 2014 ഡിസംബർ എട്ടിന് അന്വേഷണം നടത്തിയത്. പ്രതിയെ ഒറ്റപ്പാലം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തെ പറ്റി അന്വേഷിച്ചു വരികയാണെന്ന് സി.പി.എം നെല്ലായ ലോക്കൽ സെക്രട്ടറി ഐ. ഷാജു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.