മാധ്യമം ഇംപാക്ട്: അനധികൃത കേന്ദ്രം അടച്ചുപൂട്ടി, വ്യാജ ചികിത്സയെന്ന് ആരോഗ്യവകുപ്പ്

ദമ്പതികൾ കസ്റ്റഡിയിൽ കോട്ടക്കൽ: 250 രൂപക്ക് ജ്യൂസ് കുടിച്ചാൽ ശരീരഭാരം കുറയുമെന്ന വാഗ്ദാനവുമായി കോട്ടക്കലിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം ആരോഗ്യ വകുപ്പ്, പൊലീസ്, നഗരസഭ അധികൃതർ അടച്ചുപൂട്ടി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഈറോഡ് സ്വദേശികളായ ദമ്പതികളെ കോട്ടക്കൽ എസ്.ഐ റിയാസ് ചാക്കീരി കസ്റ്റഡിയിലെടുത്തു. സ്ഥാപനയുടമ തിരൂരങ്ങാടി സ്വദേശിക്കെതിരെയും കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ജ്യൂസ് കുടിച്ചാൽ ശരീരഭാരം കുറക്കാമെന്ന പേരിൽ അനധികൃതമായി കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന 'മാധ്യമം' വാർത്തയെ തുടർന്നാണ് നടപടി. തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ജില്ല ആരോഗ്യ മേധാവി ഡോ. സക്കീന അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഉച്ചക്ക് രണ്ടരയോടെയെത്തിയ ജില്ല ആരോഗ്യവകുപ്പ് അധികൃതർ ഒരുമണിക്കൂറോളം ഇവിടെ പരിശോധന നടത്തി. വിവിധ തരത്തിലുള്ള മരുന്നുകളും കണ്ടെത്തി. ചികിത്സ നടത്താനോ, മറ്റോ നടത്തിപ്പുകാരുടെ ൈകയിൽ ഒരുരേഖയുമില്ല. കസ്റ്റഡിയിലുള്ള യുവാവും യുവതിയുമാണ് കേന്ദ്രം നടത്തുന്നത്. എൻജിനീയർ ബിരുദമുള്ളയാളാണ് ഇയാളെന്നും വ്യാജ ചികിത്സയാണ് ഇവിടെ നടന്നിരുന്നതെന്നും ജില്ല ആരോഗ്യ ഉപമേധാവികളായ ഡോ. അഹമ്മദ് ഹഫ്സൽ, ഡോ. എ. ഷിബുലാൽ എന്നിവർ അറിയിച്ചു. പൊതുജന ആരോഗ്യപ്രശ്നമെന്ന നിലയിലാണ് നടപടിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ പറയുന്ന പ്രോജക്ടിൽ ശരീരഭാരം കുറയില്ലെന്നും ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സംഘം വിശദീകരിച്ചു. ദിവസവും അമ്പതിലധികംപേർ വന്നുപോകുന്നതി​െൻറ രേഖകളും മറ്റു വിവരങ്ങളും കണ്ടെത്തിയ അധികൃതർ പ്രാഥമിക റിപ്പോർട്ടും തിരൂരിൽ നിന്നുമെത്തിയ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥൻ പി. അബ്ദുൽ റഷീദി​െൻറ റിപ്പോർട്ടും പൊലീസിന് കൈമാറി. തുടർന്ന് എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പൊലീസും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്തതായും അറസ്റ്റ് ശനിയാഴ്ചയുണ്ടാകുമെന്നും എസ്.ഐ റിയാസ് ചാക്കീരി പറഞ്ഞു. സ്ഥാപന നടത്തിപ്പുകാരനായ തിരൂരങ്ങാടി സ്വദേശിക്കെതിരെയും കേെസടുത്തു. മറ്റു വിവരങ്ങൾ അന്വേഷിക്കുകയാണ്. സ്ഥാപനം അടച്ചുപൂട്ടിയതായും പിടിച്ചെടുത്ത സാധനങ്ങൾ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, സ്ഥാപനം അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് നഗരസഭ അധികൃതരും കണ്ടെത്തി. സെക്രട്ടറി എ. നൗഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ പി. ഷജിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി. ഉണ്ണികൃഷ്ണൻ എന്നിവരും പരിശോധന നടത്തി. 2000 മുതൽ 2500 വരെ അടച്ച് പത്തുദിവസത്തിനകം ശരീരഭാരം കുറയുമെന്നായിരുന്നു വാഗ്ദാനം. പാലിൽ ഔഷധ ഗുണങ്ങൾ ചേർത്ത ജ്യൂസ് നൽകിയായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ വിപണനം നടത്താനുള്ള യോഗ്യത പോലും സംഘത്തിനുണ്ടായിരുന്നില്ല. കോട്ടക്കൽ തവക്കൽ ഷോപ്പിങ് കോംപ്ലക്സിൽ മുകൾ നിലയിലെ ഒറ്റമുറിയിലായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പ്രമേഷ് കൃഷ്ണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.