പൊന്നാനി പദ്ധതി ഏറ്റെടുക്കില്ല; സാങ്കേതിക ഉപദേശങ്ങൾ നൽകും ^ഇ. ശ്രീധരൻ

പൊന്നാനി പദ്ധതി ഏറ്റെടുക്കില്ല; സാങ്കേതിക ഉപദേശങ്ങൾ നൽകും -ഇ. ശ്രീധരൻ പൊന്നാനി: പദ്ധതികളൊന്നും ഏറ്റെടുത്ത് ചെയ്യാൻ ഇനിയില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പൊന്നാനിയുടെ കാര്യത്തിൽ സാങ്കേതിക ഉപദേശങ്ങൾ നൽകി കൂടെയുണ്ടാകുമെന്നും ഇ. ശ്രീധരൻ പറഞ്ഞു. കോഴിക്കോട് ഡി.എം.ആർ.സി ഓഫിസ് ഉണ്ടായിരുന്നത് പോലെ പൊന്നാനിയുടെ കാര്യത്തിൽ ഇനി ഇടപെടാനാകില്ല. അവിടെ നിന്നുള്ള എൻജിനീയർമാരെ ഉപയോഗപ്പെടുത്തിയാണ് ഇതുവരെ കാര്യങ്ങൾ ചെയ്തത്. ഒറ്റക്ക് അക്കാര്യങ്ങൾ ചെയ്യാനാകില്ലെന്ന് ശ്രീധരൻ വ്യക്തമാക്കി. സമഗ്ര അഴുക്കുചാൽ പദ്ധതി, കുടിവെള്ള പദ്ധതി എന്നിവ വൈകുന്നത് ഖേദകരമാണ്. ഡി.പി.ആർ തയാറാക്കി സർക്കാറിന് മുന്നിൽ സമർപ്പിച്ചവയാണിത്. പൊന്നാനി നഗരസഭ കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുണ്ട്. സർക്കാർ തലത്തിലാണ് വൈകൽ അനുഭവപ്പെടുന്നത്. അനിവാര്യമായ പദ്ധതികളായിരുന്നിട്ടും അശ്രദ്ധമായി നീട്ടിക്കൊണ്ടു പോകുന്നത് ഖേദകരമാണ്. വാട്ടർ അതോറിറ്റി ബോർഡി​െൻറ അനാസ്ഥയാണ് കുടിവെള്ള പദ്ധതി വൈകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പൊന്നാനി താലൂക്ക് ആശുപത്രിയുടെ വികസനം അവസാന ഘട്ടത്തിലാണ്. ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതി രേഖ തയാറാക്കി നൽകിയിട്ടുണ്ട്. തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വികസന കാര്യത്തിലും നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. നഗരസഭയിൽ ഇടപെട്ട പദ്ധതികളുടെ കാര്യത്തിൽ സാങ്കേതിക നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ശ്രീധരൻ പറഞ്ഞു. പദ്ധതികളുടെ കാര്യത്തിൽ ഉപദേശങ്ങൾ നൽകാനേ ഇനിയുണ്ടാകൂ. മുന്നിട്ടിറങ്ങി ഇനിയൊന്നും ചെയ്യില്ല. ഓഫിസ് സംവിധാനം ഇല്ലെന്നതാണ് പ്രധാന പ്രശ്നം. താൻ അപമാനിക്കപ്പെട്ടുവെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.