നഗരസഭ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം

പൊന്നാനി: നഗരസഭയിലെ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. മുസ്ലിം ലീഗിലെ ബുഷ്റയെ സി.ഡി.എസ് പ്രസിഡൻറായി തെരഞ്ഞെടുത്തു. ഏറെ വിവാദങ്ങൾക്കൊടുവിൽ പൊന്നാനി നഗരസഭയിലെ സി.ഡി.എസ് രണ്ടിൽ നടന്ന തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് പാനലിൽ മത്സരിച്ച 37ാം വാർഡിൽ നിന്നുള്ള പടിഞ്ഞാറകത്ത് ബുഷ്റ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർപേഴ്സനായി സി.പി.ഐയിലെ 49ാം വാർഡിൽ നിന്നുള്ള സുമയ്യയും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ യു.ഡി.എഫിന് ഒമ്പതും സി.പി.എമ്മിന് ഒമ്പതും സി.പി.ഐക്ക് ഒരു അംഗവുമാണുള്ളത്. ചെയർപേഴ്സൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് 11ഉം എൽ.ഡി.എഫ് സ്ഥാനാർഥിക്ക് എട്ടുവോട്ടും ലഭിച്ചു. സി.പി.എമ്മിലെ രണ്ടു പ്രതിനിധികളുടെ വോട്ട് യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചതാണ് ബുഷ്റ ജയിക്കാനിടയായത്. എന്നാൽ, വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥിക്ക് എൽ.ഡി.എഫി​െൻറ പത്ത് വോട്ടും യു.ഡി.എഫ് സ്ഥാനാർഥിക്ക് യു.ഡി.എഫി​െൻറ ഒമ്പത് വോട്ടും ലഭിച്ചു. ബുഷ്റക്കെതിരെ സി.പി.എമ്മിലെ 45ാം വാർഡിൽ നിന്നുള്ള സബീറ കാട്ടില വളപ്പിലാണ് മത്സരിച്ചത്. വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ സുമയ്യക്കെതിരെ യു.ഡി.എഫിലെ ഷാഹിദയും മത്സരിച്ചു. ഒരു മാസം മുമ്പ് നടന്ന സി.ഡി.എസ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയോടെ സി.പി.ഐയിലെ അജീന ജബ്ബാർ ചെയർ പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, ഇതിനെതിരെ സി.പി.എം പരാതി നൽകുകയും തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യുകയുമായിരുന്നു. സി.പി.ഐയുമായുള്ള അസ്വാരസ്യങ്ങൾ ഒത്തുതീർപ്പാക്കി ഒന്നരവർഷം വീതം സി.പി.എമ്മും സി.പി.ഐയും തമ്മിൽ ചെയർപേഴ്സൻ സ്ഥാനം വെച്ചുമാറാമെന്ന ധാരണയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, സി.പി.എമ്മിലെ രണ്ടംഗങ്ങൾ യു.ഡി.എഫിന് വോട്ട് ചെയ്തത് മുന്നണിക്കിടയിലെ പ്രശ്നങ്ങൾ സങ്കീർണമാക്കും. ഇടതുമുന്നണിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം; ഭരണ നിർവഹണത്തിന് അഞ്ചംഗ കമ്മിറ്റിയെ നിയമിച്ചു പൊന്നാനി: ഇടതുമുന്നണിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി. നഗരസഭ ഭരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കായി അഞ്ചംഗ കമ്മിറ്റിയെ നിയമിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുതൽ ഉടലെടുത്ത പൊന്നാനിയിലെ ഇടതു മുന്നണിയിലെ പ്രശ്നങ്ങൾക്കാണ് ഒടുവിൽ പരിഹാരമായത്. നഗരസഭ ഭരണവുമായി ബന്ധപ്പെട്ടാണ് എൽ.ഡി.എഫിൽ ഏറെ തലവേദയുണ്ടായിരുന്നത്. നഗരസഭയിലെ സി.പി.ഐ കൗൺസിലർമാർ പലപ്പോഴും പ്രതിപക്ഷത്തി​െൻറ റോളിലായിരുന്നു. നഗരസഭയിലെ ഭരണകാര്യങ്ങളിൽ സി.പി.എം ഈ കൗൺസിലർമാരെ സഹകരിപ്പിക്കാതിരുന്നതോടെ രണ്ടു കൗൺസിലർമാർ ഭരണസമിതിക്കെതിരെ നിരന്തരമായി രംഗത്തിറങ്ങുകയും ചെയ്തു. മണൽ വിഷയത്തിൽ സെക്രട്ടറിയുമായി ഇരുവരും കൊമ്പുകോർത്തതോടെ ഭരണസമിതി സി.പി.ഐ കൗൺസിലർമാരെ ഒറ്റപ്പെടുത്തുകയും ചെയ്തു. പിന്നീട് പാടം മണ്ണിട്ട് നികത്താൻ സെക്രട്ടറി അനുമതി നൽകിയതിനെതിരെ സി.പി.ഐ പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു. ഭരണത്തിനെതിരെ എ.ഐ.വൈ.എഫും തുറന്ന് പറഞ്ഞത് മുന്നണി ബന്ധം കൂടുതൽ വഷളാക്കി. ഇതിനിടെ അഴീക്കൽ ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ പ്രവർത്തകർ പരസ്യമായി യു.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി രംഗത്തിറങ്ങിയത് വലിയ ഒച്ചപ്പാടിനിടയാക്കി. ഒരുമാസം മുമ്പ് നടന്ന സി.ഡി.എസ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയോടെ സി.പി.ഐ മുൻ കൗൺസിലർ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതും പടലപ്പിണക്കം കൂടുതൽ രൂക്ഷമാക്കി. ഇടതു മുന്നണി ഐക്യശ്രമങ്ങൾ നടത്തിയെങ്കിലും ചർച്ചകൾ പാതിവഴിയിൽ നിലച്ചു. ഇതേത്തുടർന്നാണ് വീണ്ടും ജില്ല നേതാക്കളുൾപ്പെടെയുള്ളവർ ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്. ഭരണത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന സി.പി.ഐയുടെ നിർദ്ദേശത്തെ തുടർന്നാണ് അഞ്ചംഗ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചത്. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ്കുഞ്ഞി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ് ബഷീർ, സി.പി.ഐ കൗൺസിലർമാരായ എം.എ. ഹമീദ്, എ.കെ. ജബ്ബാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.ഒ. ശംസു എന്നിവരടങ്ങിയ കമ്മിറ്റിക്കാണ് രൂപം നൽകിയത്. നഗരസഭയുടെ നയപരമായ കാര്യങ്ങൾ ഇവർ ചേർന്ന് കൂടിയാലോചിക്കും. എൽ.ഡി.എഫ് പരിപാടികളിൽ ഇരുകൂട്ടരും സഹകരിക്കാനും തീരുമാനമായി. സി.പി.എം ജില്ല കമ്മിറ്റിയംഗങ്ങളായ പ്രഫ. എം.എം. നാരായണൻ, ടി.എം. സിദ്ദീഖ്, ഏരിയ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ, സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീർ, ജില്ല കമ്മിറ്റിയംഗം അജിത്കൊളാടി, മണ്ഡലം സെക്രട്ടറി എൻ. സൈനുദ്ദീൻ എന്നിവർ ചേർന്നാണ് സമവായ ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.