ഊർങ്ങാട്ടിരി ശുദ്ധജല പദ്ധതി മൂന്ന് പതിറ്റാണ്ടായിട്ടും ശുദ്ധീകരണ സംവിധാനമില്ല

അരീക്കോട്: മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഊർങ്ങാട്ടിരി ശുദ്ധജല വിതരണ പദ്ധതിക്ക് വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനം ഇനിയുമായില്ല. കേരള വാട്ടർ അതോറിറ്റിക്ക് കീഴിെല പദ്ധതി 1982-1987 കാലഘട്ടത്തിൽ എം.പി. ഗംഗാധരൻ ജലവിഭവ മന്ത്രിയായിരിക്കെയാണ് ആരംഭിച്ചത്. ചാലിയാറിൽനിന്ന് ജലമെടുത്ത് മൈത്ര ഉള്ളുപറമ്പിലുള്ള കൂറ്റൻ സംഭരണിയിലെത്തിച്ച് അവിടെനിന്നാണ് ഊർങ്ങാട്ടിരിയിലെമ്പാടും ജലവിതരണം നടത്തുന്നത്. ഉള്ളുപറമ്പിലുള്ള സംഭരണിക്കടുത്ത് ഒരേക്കറോളം സ്ഥലം വാട്ടർ അതോറിറ്റിക്ക് സ്വന്തമായിട്ടുണ്ടായിട്ടും ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കാനുള്ള ശ്രമം കാര്യമായി ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ശുദ്ധീകരണ പ്ലാൻറിനായി ഒരു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടോക്കൺ തുക മാത്രമാണ് നീക്കിവെച്ചത് എന്നുള്ളത് വലിയ പ്രതീക്ഷ നൽകുന്ന കാര്യവുമല്ല. എന്നാൽ, രാഷ്ട്രീയ ഭേദംമറന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും എം.എൽ.എയും എം.പിയും കൈകോർത്താൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി എന്ന നിലക്ക് നടപ്പാക്കാവുന്നതുമാണ്. കീഴുപറമ്പിനെ പോലെയുള്ള പഞ്ചായത്തുകളിൽ ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കാൻ സ്ഥലമില്ലാത്തതാണ് ഏറ്റവും വലിയ തടസ്സമെങ്കിൽ ഊർങ്ങാട്ടിരിയിൽ അത്തരം പ്രശ്നമില്ല. മൂന്ന് പതിറ്റാണ്ടുമുമ്പ് 500ൽ താഴെ ഗുണഭോക്താക്കൾക്ക് മാത്രമായി ആരംഭിച്ച പദ്ധതിയിൽ ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങളാണുള്ളത്. ചാലിയാറിൽ ആൽഗൽ ബ്ലൂം പ്രതിഭാസമുണ്ടായതിനെ തുടർന്ന് പുഴ സ്രോതസ്സാക്കിയുള്ള വാട്ടർ അതോറിറ്റി ജലവിതരണ പദ്ധതികളുടെ പമ്പിങ് നിർത്തിവെച്ചിരുന്നു. ശുദ്ധീകരണ പ്ലാൻറുള്ള അരീക്കോട്ട് പമ്പിങ് വീണ്ടും ആരംഭിച്ചെങ്കിലും ശുദ്ധീകരണ പ്ലാൻറില്ലാത്തതിനാൽ ഊർങ്ങാട്ടിരിയിൽ ഇതുവരെ പമ്പിങ് ആരംഭിച്ചിട്ടില്ല. പമ്പിങ് മുടങ്ങിയതിനാൽ ജനങ്ങൾ ദുരിതത്തിലായെന്നും ബദൽ സംവിധാനമൊരുക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡേൻറാ അധികൃതരോ ശ്രമിക്കുന്നില്ലെന്നും ഗ്രാമപഞ്ചായത്ത് അംഗം കെ. അനൂപ് ആരോപിച്ചു. വെള്ളിയാഴ്ച നടന്ന ഭരണസമിതി യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഉത്തരവാദപ്പെട്ടവർ ഗൗനിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.