കാളികാവ്​ മേഖലയിലെ തിരുവിതാംകൂര്‍ കുടിയേറ്റത്തിന് അരനൂറ്റാണ്ട്

കാളികാവ്: ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള തിരുവിതാംകൂർ കുടിയേറ്റത്തിന് അരനൂറ്റാണ്ട് പിന്നിടുന്നു. ഇരുപതാം നൂറ്റാണ്ടില്‍ മധ്യ തിരുവിതാംകൂറിൽ ജനസംഖ്യക്ക് അനുസരിച്ച് കൃഷിഭൂമി വിസ്തൃതിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് മണ്ണ്‌ തേടി കര്‍ഷകര്‍ കാളികാവുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെത്തുന്നത്. കോട്ടയം ജില്ലയിലെ പാല, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും എറണാകുളം, ഇടുക്കി ജില്ലകളിലെ മലമ്പ്രദേശങ്ങളില്‍നിന്നും അനേകംപേർ മലബാറിലേക്ക് കുടിയേറി. 1967ലാണ് കാളികാവ് മേഖലയില്‍ കുടിയേറ്റത്തിന് തുടക്കമായത്. ആയിരനാഴി കോവിലകത്തിന് കീഴിലായിരുന്ന ചെങ്കോട് മലവാരത്തെ 3650 ഏക്കര്‍ സ്ഥലം ഇവർ വാങ്ങി. പാലക്കടുത്ത് ഭരണങ്ങാനത്ത് നിന്നെത്തിയ കുറ്റിയാനിക്കല്‍ കുടുംബമാണ് ഇവിടത്തെ തുടക്കക്കാർ. ആയിരനാഴി കോവിലകം വകയായിരുന്ന അടക്കാകുണ്ടിലെ പൊന്ന് വിളയുന്ന സ്ഥലം ഇവര്‍ വാങ്ങി. ദേവസ്യ, മത്തായി, ജേക്കബ് എന്ന കുട്ടിപ്പാപ്പൻ, കൊച്ചുപാപ്പന്‍ എന്ന ഫ്രാന്‍സിസ്, ജോസഫ് എന്നിവരായിരുന്നു എഴുപതേക്കറിലെ ആദ്യ താമസക്കാർ. ബന്ധു തൈപറമ്പില്‍ ജോയിയടക്കം അഞ്ച് കുടുംബങ്ങൾ ചേര്‍ന്ന് റബര്‍ നടാന്‍ എഴുപതേക്കര്‍ സ്ഥലം കോവിലകത്തുനിന്ന് വാങ്ങുകയായിരുന്നു. നൂറും ഇരുന്നൂറും ഏക്കര്‍ സ്വന്തമാക്കിയവര്‍ മറ്റിടങ്ങളിലും താമസമാക്കി. ചിലര്‍ പാലയിലും കാഞ്ഞിരപ്പള്ളിയിലും തന്നെ താമസിച്ച് ഇവിടെ കൃഷിയിടമായി മാത്രം ഉപയോഗിച്ചു. എന്നാൽ, കുറ്റിയാനിക്കല്‍ കുടുംബമുള്‍പ്പെടെയുള്ള ചെറുകിട കര്‍ഷകർ ഈ മണ്ണിനെ ജന്മനാടിനെപ്പോലെ സ്‌നേഹിച്ചു. പ്രകൃതിയോടും വന്യമൃഗങ്ങളോടും പൊരുതിയ അവർ മരുതും കാഞ്ഞിരവും താണിയും തേക്കും നിറഞ്ഞ പ്രദേശം കിളച്ചുമറിച്ച് റബറും കപ്പയും നെല്ലും കവുങ്ങും വെച്ചുപിടിപ്പിച്ചു. തുവ്വൂര്‍ മുതല്‍ കല്ലാമൂല വരെയുള്ള സ്ഥലങ്ങളില്‍നിന്ന് തൊഴിലാളികളെത്തി. രണ്ട് രൂപയായിരുന്നു അന്നത്തെ പ്രതിദിന കൂലി. എഴുപതുകളുടെ ആദ്യം റബര്‍ വിളവെടുപ്പ് തുടങ്ങിയതോടെ അടക്കാകുണ്ട്, പാറശ്ശേരി, അരിമണല്‍ പ്രദേശങ്ങള്‍ ഉണര്‍ന്നു. കാളികാവ് അങ്ങാടിക്കും ഉണര്‍വായി. ഇതിനിടയില്‍ കുടിയേറ്റ ഗ്രാമത്തിന് സ്വന്തമായി എഴുപതേക്കറിലും അടക്കാകുണ്ടിലും പോസ്‌റ്റോഫിസും വൈദ്യുതിയും റോഡും ടെലിഫോണും വന്നു. നെല്ലും കവുങ്ങുമടക്കമുള്ള വിളകളിൽ കേന്ദ്രീകരിച്ച കാര്‍ഷികവൃത്തി പതിയെ റബർ, ഗ്രാമ്പു, ഏലം തുടങ്ങിയവയിലേക്കും മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.