റോഡ് വികസനം: ജസീല ജങ്ഷൻ മുതൽ ചെരണി വരെ റീ സർേവ നടത്തും *അനധികൃത നിർമാണങ്ങളും കെട്ടിടങ്ങളും ഒഴിപ്പിക്കും മലപ്പുറം: മഞ്ചേരി നഗരത്തിൽ ജസീല ജങ്ഷൻ മുതൽ ചെരണി വരെ വീതി കൂട്ടുന്നതിനും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും റീ സർവേ നടത്താൻ തീരുമാനം. പൊതുമരാമത്ത് വകുപ്പും റവന്യൂ വകുപ്പും ചേർന്നാണ് റീ സർവേ നടത്തുക. അനധികൃത നിർമാണങ്ങളും കെട്ടിടങ്ങളും ഒഴിപ്പിക്കും. നഗരത്തിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന് നടപടി ചർച്ച ചെയ്യാനായി കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ജസീല ജങ്ഷനിൽ മേൽപ്പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ഉടൻ പൂർത്തിയാക്കാൻ നിർദേശം നൽകി. മരത്താണി മുതൽ പട്ടർകുളം വരെ ഔട്ടർ റിങ് റോഡ് നിർമിക്കുന്നതിന് നടപടി ത്വരിതപ്പെടുത്തും. ജസീല ജങ്ഷനിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കും. പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ റോഡ് വീതികൂട്ടുമ്പോൾ മഞ്ചേരിയിലെ ജസീല ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം ഉൾപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും എതിർപ്പ് മൂലം ഒഴിവാക്കിയിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ബസുകൾ റൂട്ട് മാറി ഓടുകയും ഓട്ടോകൾ സർവിസ് നിർത്തുകയും ചെയ്തത് ജനരോഷത്തിന് കാരണമായി. മഴ കനത്തതോടെ നഗരത്തിലെ മിക്ക ഓടകളും നിറഞ്ഞ് റോഡിലേക്ക് വെള്ളം കയറിയിരുന്നു. രൂക്ഷമായ വെള്ളക്കെട്ടിന് കാരണം ഓട നികത്തി അനധികൃതമായി നിർമിച്ച കെട്ടിടങ്ങളാണെന്ന് ആരോപണം ഉയർന്നിരുന്നു. എം. ഉമ്മർ എം.എൽ.എ, നഗരസഭാധ്യക്ഷ വി.എം. സുബൈദ, എ.ഡി.എം വി. രാമചന്ദ്രൻ, ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, ഏറനാട് തഹസിൽദാർ പി. സുരേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.