പൊന്നാനി താലൂക്കിൽ കടൽ കലിതുള്ളി

പൊന്നാനി: പൊന്നാനി താലൂക്കി​െൻറ വിവിധയിടങ്ങളിൽ കടലാക്രമണം ശക്തമായി. നിരവധി വീടുകളിലേക്ക് വെള്ളം കയറിയതോടെ ദുരിതത്തിലായിരിക്കുകയാണ് ഈ കുടുംബങ്ങൾ. പൊന്നാനി അഴീക്കൽ ലൈറ്റ് ഹൗസ് പരിസരം, തെക്കേകടവ്, മുറിഞ്ഞഴി, പുതുപൊന്നാനി മുനമ്പം ബീവി ജാറം, വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി കാപ്പിരിക്കാട് എന്നിവിടങ്ങളിൽ ശക്തമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. വേലിയേറ്റ സമയങ്ങളിലാണ് കടലാക്രമണത്തി​െൻറ രൂക്ഷതയേറുന്നത്. ഉച്ചയോടെയുണ്ടായ കടലാക്രമണത്തിൽ പൊന്നാനി അഴീക്കലിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറി. താഴത്തേൽ നബീസ, കോയാലിക്കാനകത്ത് സുബൈർ, കമ്മാക്കാനകത്ത് നബീസ തുടങ്ങി പത്തിലധികം വീടുകളിലേക്കാണ് വെള്ളം കയറുന്നത്. തിരമാലയോടൊപ്പം മണലും കരയിലേക്ക് കയറുന്നതിനാൽ തീരത്തെ വീടുകളിലും മണൽ നിറഞ്ഞിരിക്കുകയാണ്. ചളി കലർന്ന മണൽ കയറുന്നതിനാൽ വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുകയാണ്. വെള്ളം കയറിയ വീടുകളിൽ ഭക്ഷണം പാകം ചെയ്യാൻ പോലുമാകാത്ത സ്ഥിതിയാണ്. കിണറുകളിൽ ഉപ്പു കലർന്നതിനാൽ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. ഓഖി ദുരന്തത്തിൽ തകർന്ന ലൈറ്റ് ഹൗസി​െൻറ ചുറ്റുമതിലിനുള്ളിലൂടെയെത്തുന്ന വെള്ളം ലൈറ്റ് ഹൗസ് കോമ്പൗണ്ടിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് കടലാക്രമണം ശക്തിയാർജിച്ചത്. ഒരാഴ്ച മുമ്പുണ്ടായ കടലാക്രമണത്തിലും തീരത്തേക്ക് മണൽ അടിച്ചുകയറിയിരുന്നു. പൊന്നാനി ലൈറ്റ് ഹൗസ് പരിസരത്തെ 350 മീറ്റർ കടൽഭിത്തി കഴിഞ്ഞ വർഷത്തെ കടലാക്രമണത്തിൽ തകർന്നിരുന്നു. ഇതിൽ ലൈറ്റ് ഹൗസി​െൻറ തെക്ക് ഭാഗത്തെ 150 മീറ്റർ ഭാഗത്ത് കല്ലിട്ടിരുന്നെങ്കിലും ബാക്കി 200 മീറ്റർ ഭാഗത്ത് കടൽഭിത്തിയില്ലാത്തതിനാൽ തിരമാലകൾ കരയിലേക്ക് കയറുകയാണ്. കടൽഭിത്തി നിർമാണം ഉടൻ നടത്തിയില്ലെങ്കിൽ റോഡ് ഉപരോധമുൾപ്പെടെയുള്ള സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. വെളിയങ്കോടും പാലപ്പെട്ടിയിലും ദിവസങ്ങൾക്കകം മീറ്ററുകളോളം കരഭാഗം കടലെടുത്തു. നിരവധി തെങ്ങുകളും കടപുഴകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.