ജില്ല ആശുപത്രി സമരക്കളമായി; ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു

പാലക്കാട്: ചികിത്സക്കിടെ രോഗിയുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ സ്റ്റാഫ് നഴ്സിനെ മർദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജില്ല ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരും ഒ.പി ബഹിഷ്കരിച്ചു. സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. നൂറുകണക്കിന് രോഗികളെ ബുദ്ധിമുട്ടിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആശുപത്രിയിൽ കുത്തിയിരുന്നു. ഇതോടെ ആശുപത്രി പരിസരം സമരക്കളമായി. ഇരുവിഭാഗവും സമരം കടുപ്പിച്ചതോടെ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. തുടർന്ന് ഡി.എം.ഒ കെ.പി. റീത്ത, ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ, ജില്ല ആശുപത്രി സൂപ്രണ്ട് രമാദേവി, ഡെപ്യൂട്ടി ഡി.എം.ഒ, സ്റ്റാഫ് വെൽഫെയർ പ്രതിനിധികൾ എന്നിവർ നടത്തിയ ചർച്ചയെ തുടർന്ന് ഒ.പി ഭാഗികമായി പുനരാരംഭിച്ചു. ഉച്ചക്ക് 12ഓടെ ഡോക്ടർമാർ ഒറ്റമുറിയിൽ ഒരുമിച്ചിരുന്നാണ് രോഗികളെ പരിശോധിച്ചത്. നഴ്സിനെ മർദിച്ചവരെ 23നകം അറസ്റ്റ് ചെയ്യാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചതെന്ന് സമരക്കാർ അറിയിച്ചു. ഇല്ലെങ്കിൽ 24ന് വീണ്ടും സമരത്തിനിറങ്ങുമെന്നും സമരക്കാർ പറഞ്ഞു. രാവിലെ എട്ടുമുതൽ ആരംഭിക്കേണ്ട ഒ.പി 12ഓടെയാണ് ആരംഭിച്ചത്. അത്യാഹിത വിഭാഗത്തിലും ഐ.പിയിലും ഡോക്ടർമാർ രോഗികളെ പരിശോധിച്ചെങ്കിലും ഒ.പി പൂർണമായി സ്തംഭിപ്പിച്ചു. മിക്ക ഡോക്ടർമാരും നഴ്സുമാരും സമരത്തിനിറങ്ങിയതിനാൽ വാർഡുകളിലും അത്യാഹിത വിഭാഗത്തിലും പ്രവർത്തനം താളംതെറ്റിയെന്ന് രോഗികൾ ആരോപിച്ചു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമരം ജനത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ മാട്ടുമന്ത ആരോപിച്ചു. പൊലീസ് നിയമനടപടിയെടുത്തില്ലെങ്കിൽ അവർക്കെതിരെയാണ് സമരം ചെയ്യേണ്ടതെന്നും പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി പ്രശ്നത്തിൽ ഇടപെട്ടു. രോഗികളെ ബുദ്ധിമുട്ടിക്കരുതെന്നും പ്രതികളെ പിടികൂടാൻ നിയമനടപടികളാണ് സ്വീകരിക്കേണ്ടതെന്നും ശാന്തകുമാരി പറഞ്ഞു. ''പുലർച്ചെ എത്തിയതാ സാറേ... ഇന്ന് പരിശോധനയുണ്ടാകുമോ'' പാലക്കാട്: ''പുലർച്ചെ അഞ്ചുമണിക്ക് അട്ടപ്പാടീന്ന് പുറപ്പെട്ടതാണ്. ബസ് സമരമായതോണ്ട് നേരത്തെ എത്തിയാൽ പരിശോധന കഴിഞ്ഞ് വീട്ടിലെത്താമല്ലോ എന്നു കരുതി. ഇപ്പോ വന്നിട്ട് മണിക്കൂറുകളായി. സമരം അവസാനിക്കുമെന്ന് പറഞ്ഞതുകൊണ്ടാണ് കാത്തിരിക്കുന്നത്. ഇത്ര ദൂരം വന്നതല്ലേ...'' -ജില്ല ആശുപത്രിയിലെ ഒരു രോഗിയുടെ വാക്കുകളാണിത്. ഇങ്ങനെ നൂറുകണക്കിന് രോഗികളാണ് ഒ.പി വരാന്തയിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നത്. സാധാരണയായി രാവിലെ എട്ടിനാണ് ഒ.പി ആരംഭിക്കുക. സമരത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചക്ക് 12നാണ് പരിശോധന തുടങ്ങിയത്. പുലർച്ച എത്തിയവർ ഡോക്ടറെ കാണാൻ കാത്തിരുന്നത് മണിക്കൂറുകൾ. എത്തിയവരിൽ പകുതിയും വീട്ടിലേക്ക് തിരിച്ചുപോയി. സമരം നടത്തുന്നത് ജനത്തെ അറിയിക്കാനോ മാധ്യമങ്ങളെ അറിയിക്കാനോ സമരക്കാർ തയാറാകാത്തതാണ് രോഗികളെ വലച്ചത്. സമരം അവസാനിപ്പിച്ച് ഒ.പി തുടങ്ങിയിട്ടും ഡോക്ടർമാരുടെ അലംഭാവം തുടർന്നു. ചായ കുടിക്കാനെന്നും പറഞ്ഞ് കൂട്ടത്തോടെ പുറത്തിറങ്ങിയ ഡോക്ടർമാർ തിരിച്ചെത്തിയത് പിന്നെയും വൈകി. ഇത്ര നേരവും സഹിച്ചിരിക്കേണ്ട ഗതികേടിലായിരുന്നു രോഗികൾ. ഡോക്ടർമാർ ഒരുമിച്ച് നടത്തിയ പരിശോധന കാര്യക്ഷമമല്ലെന്ന് ആരോപണമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.