പട്ടാമ്പി നഗരസഭ ചെയർമാൻ നാളെ രാജിവെക്കും രാജി മുന്നണി ധാരണപ്രകാരം

പട്ടാമ്പി: നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി തിങ്കളാഴ്ച രാജിവെക്കും. യു.ഡി.എഫ് ധാരണപ്രകാരമാണ് രാജി. പുതിയ ചെയർമാനെ തെരഞ്ഞെടുക്കു൦വരെ ചുമതല വൈസ് ചെയർപേഴ്‌സൻ സി. സംഗീത നിർവഹിക്കും. പട്ടാമ്പി ഗ്രാമപഞ്ചായത്തി​െൻറ അവസാന പ്രസിഡൻറും നഗരസഭയുടെ പ്രഥമ ചെയർമാനുമായി ചരിത്രത്തിലിടം നേടിയാണ് വാപ്പുട്ടിയുടെ പടിയിറക്കം. പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം കഴിഞ്ഞ ടേമിൽ കോൺഗ്രസിലെ കെ.സി. മണികണ്ഠനായിരുന്നു പ്രസിഡൻറ്. കോൺഗ്രസിന് നൽകിയ കാലപരിധി പൂർത്തിയാക്കി വാപ്പുട്ടിക്ക് അധികാരം കൈമാറുകയായിരുന്നു. പഞ്ചായത്തിനെ നഗരസഭയായി ഉയർത്തി നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 19 വാർഡുകൾ നേടി അധികാരത്തിലെത്തി. 10 വാർഡുകളിൽ വിജയിച്ച മുസ്‌ലിം ലീഗിന് ആദ്യ രണ്ടര വർഷം ചെയർമാൻ സ്ഥാനം നൽകിയപ്പോൾ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ച് പരിചയമുള്ള കെ.പി. വാപ്പുട്ടിക്ക് നറുക്ക് വീഴുകയായിരുന്നു. 28 വാർഡുകളിൽ സി.പി.എമ്മിന് ആറും ബി.ജെ.പി.ക്ക് മൂന്നും അംഗങ്ങളുണ്ട്. കോൺഗ്രസിലെ കെ.എസ്.ബി.എ. തങ്ങൾ ചെയർമാനായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ഡി.സി.സി വൈസ് പ്രസിഡൻറായ തങ്ങൾ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.