അടച്ചിട്ട വീട്ടിലെ മോഷണം: വെള്ളി ആഭരണങ്ങൾ സമീപത്തെ കിണറ്റിൽ

മോഷണം ബുധനാഴ്ച രാത്രിയെന്ന് തെളിവ് ലഭിച്ചു നിലമ്പൂര്‍: നിലമ്പൂര്‍ ജില്ല ആശുപത്രിക്ക് സമീപം തെക്കേതില്‍ ആശ ജയരാജി‍​െൻറ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നഷ്ടപ്പെട്ട കൂട്ടത്തിലുള്ള വെള്ളി ആഭരണങ്ങളിൽ ചിലത് കോവിലകത്തുമുറി കവാടത്തിന് സമീപത്തെ പണിതീരാത്ത വീട്ടിലെ കിണറ്റില്‍നിന്ന് കണ്ടെടുത്തു. പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലാണ് വെള്ളി ആഭരണങ്ങളിൽ ചിലതും സ്‌പ്രേ കുപ്പിയും കിട്ടിയത്. മോഷണത്തിനായി ഉപയോഗിച്ച വാര്‍പ്പ് പലകയും കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. സമീപത്ത് നിർമാണം നടന്നുക്കൊണ്ടിരിക്കുന്ന വീട്ടിൽനിന്നും പണിയായുധങ്ങളിൽ ചിലത് നഷ്ടപ്പെട്ടിരുന്നു. ബുധനാഴ്ച പണി കഴിഞ്ഞശേഷം തൊഴിലാളികൾ ഭദ്രമായി അടുക്കിവെച്ച പണിയായുധങ്ങളിൽ ചിലത് വ‍്യാഴാഴ്ച രാവിലെ പണിക്ക് വന്നപ്പോഴാണ് നഷ്ടപ്പെട്ടതായി കണ്ടത്. സമീപത്തെ വീട്ടിൽ മോഷണം നടന്ന കാര‍്യം അറിയാത്തതുകാരണം ഈ വിവരം തൊഴിലാളികൾ പൊലീസിനെ അറിയിച്ചിരുന്നില്ല. വെള്ളിയാഴ്ച വീട്ടുകാരെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. ഇതോടെ തൊഴിലാളികൾ പണിയായുധങ്ങൾ നഷ്ടപ്പെട്ട വിവരം പൊലീസിനെ അറിയിച്ചിരുന്നു. പണിയായുധങ്ങളിൽ ചിലതാണ് സമീപത്തെ കിണറ്റിൽനിന്ന് ശനിയാഴ്ച കണ്ടെത്തിയത്. തെളിവെടുപ്പി‍​െൻറ ഭാഗമായി മലപ്പുറത്ത് നിന്നെത്തിയെ പൊലീസ് നായ സമീപത്ത് പുതുതായി നിര്‍മാണം നടക്കുന്ന ഈ കെട്ടിടത്തിലേക്ക് എത്തിയിരുന്നു. കവർച്ചക്ക് മുമ്പ് മോഷ്ടാക്കൾ ഇവിടെയെത്തി പണിയായുധങ്ങൾ കൈകലാക്കിയതായാണ് പൊലീസ് നിഗമനം. ശേഷം ഇതുവഴി തന്നെയാണ് മോഷണ സംഘം മടങ്ങിയതെന്നും പൊലീസ് കരുതുന്നു. നിലമ്പൂര്‍ സി.ഐ കെ.എം. ബിജുവി‍​െൻറ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ട് ടീമുകളായാണ് അന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.