പോളിവൈറ്റമിൻ ടാബ്​ലറ്റ്​ വിതരണം വീണ്ടും മരവിപ്പിച്ചു

അസ്സലാം. പി മലപ്പുറം: ഒന്നര വർഷത്തിന് ശേഷം വിതരണാനുമതി നൽകിയ പോളിവൈറ്റമിൻ ടാബ്ലറ്റ് (ബാച്ച് പി.വി.ടി 16002) കേരള മെഡിക്കൽ സർവിസസ് കോർപേറഷൻ (കെ.എം.എസ്.സി.എൽ) വീണ്ടും മരവിപ്പിച്ചു. തെട്ടാൽ പൊടിഞ്ഞുപോകുന്ന നിലയിൽ ഗുണനിലവാരം നഷ്ടപ്പെട്ട മരുന്നിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. കാലാവധി തീരാനിരിക്കെ നിർത്തിവെച്ച പോളിവൈറ്റമിൻ ടാബ്ലറ്റ് വീണ്ടും വിതരണത്തിന് ഉത്തരവിറക്കിയത് വെള്ളിയാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. കെ.എം.എസ്.സി.എൽ ഉത്തരവിനെതിരെ ഫാർമസിസ്റ്റുകൾ രംഗത്തെത്തുകയുമുണ്ടായി. മലപ്പുറം നിലമ്പൂർ ജില്ല ആശുപത്രിയിൽ വലിയതോതിൽ മരുന്ന് സ്റ്റോക്കുണ്ടായിരുന്നു. പാക്കറ്റിൽ നിന്നെടുക്കുമ്പോൾ പൊടിയും അസഹനീയമായ മണവും ഉള്ളതിനാൽ ആശുപത്രി സൂപ്രണ്ട് ജില്ല മെഡിക്കൽ ഒാഫിസർക്ക് പരാതി നൽകുകയും ഇത് കെ.എം.എസ്.സി.എല്ലിന് കൈമാറുകയുമുണ്ടായി. തുടർന്നാണ് അടിയന്തരമായി ഇൗ ബാച്ച് മരുന്ന് വിതരണം നിർത്തിവെക്കാൻ കെ.എം.എസ്.സി.എൽ നിർദേശം നൽകിയത്. 21.12.2016നാണ് ഗുണനിലവാരമില്ലെന്ന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ കെ.എം.എസ്.സി.എൽ ഇൗ മരുന്ന് വിതരണം മരവിപ്പിച്ചത്. 26.4.2017ന് മരുന്ന് നിർത്തലാക്കി ഉത്തരവിറക്കി. ഇതോടെ ആശുപത്രികളിൽ ഇവ കെട്ടിക്കിടക്കുകയായിരുന്നു. എന്നാൽ, ഏപ്രിൽ 21ന് ഇതേ മരുന്ന് വിതരണം ചെയ്യാൻ കെ.എം.എസ്.സി.എൽ ആശുപത്രികൾക്ക് നിർദേശം നൽകി. മരുന്നിന് ഒരു കുഴപ്പവുമില്ലെന്നായിരുന്നു കെ.എം.എസ്.സി.എൽ നിലപാട്. ഇൗ വർഷം മേയിൽ കാലാവധി തീരാനിരിക്കെയാണ് ഇത്. ഇതോടെ ഫാർമസിസ്റ്റുകളും ആരോഗ്യകേന്ദ്രങ്ങളും പ്രതിസന്ധിയിലായി. പെടിഞ്ഞുതുടങ്ങിയ ടാബ്ലറ്റ് രോഗികൾക്ക് നൽകാനാകില്ല. ചെലവാക്കിയില്ലെങ്കിൽ കാലാവധി തീരും. ഇങ്ങനെവന്നാൽ മരുന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ പണം അടക്കുകയോ വേണം. 5000 മുതൽ ലക്ഷങ്ങൾ വരെ സ്റ്റോക്കുള്ള സ്ഥാപനങ്ങൾ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.