സി.പി.എം വിട്ട്​ ബി.ജെ.പിയിൽ ചേർന്ന പഞ്ചായത്ത് അംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി

ഒറ്റപ്പാലം: സി.പി.എം സ്ഥാനാർഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചയാൾ, പാർട്ടിയുടെ അംഗത്വം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന സാഹചര്യത്തിൽ പഞ്ചായത്ത് മെംബർ സ്ഥാനത്ത് തുടരുന്നതിൽ അയോഗ്യത കൽപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പരാതി. അമ്പലപ്പാറ പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം പി.പി. ശ്രീകുമാറിനെതിരെയാണ് കൂറുമാറ്റ ഹരജി ഫയൽ ചെയ്തതെന്ന് സി.പി.എം ഏരിയ സെക്രട്ടറി എസ്. കൃഷ്ണദാസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സുബ്രഹ്മണ്യൻ സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിച്ച കമീഷൻ, പി.പി. ശ്രീകുമാറിന് നോട്ടീസയക്കാൻ നിർദേശിച്ചു. സി.പി.എം അമ്പലപ്പാറ ലോക്കൽ കമ്മിറ്റിക്ക് കീഴിെല പാലാരി ബ്രാഞ്ച് സെക്രട്ടറി സ്ഥാനം ശ്രീകുമാർ രാജിവെച്ചൊഴിഞ്ഞത് 2017 ഡിസംബറിലാണ്. ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ശ്രീകുമാർ 2009ലാണ് സി.പി.എമ്മിൽ ചേർന്നത്. തുടർന്ന് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ശ്രീകുമാർ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗമായി അഞ്ചുവർഷം പൂർത്തിയാക്കിയിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഒമ്പതാം വാർഡിനെ പ്രതിനിധീകരിച്ചത്. നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു), ഏരിയ കമ്മിറ്റി അംഗം, കർഷകസംഘം വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡൻറ് എന്നീ പദവികളും ശ്രീകുമാർ വഹിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.