മമതയെ പിന്തുണച്ച്​ സ്​റ്റാലിൻ; കോൺഗ്രസ്​ ആശങ്കയിൽ

കോയമ്പത്തൂർ: ബി.ജെ.പിക്കെതിരെ പ്രാദേശിക കക്ഷികളെ ഒന്നിപ്പിക്കാനുള്ള തൃണമൂൽ നേതാവ് മമത ബാനർജിയുടെ നീക്കത്തിന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ പിന്തുണ അറിയിച്ചത് രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയാവുന്നു. ഫെഡറൽ വ്യവസ്ഥിതി ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക കക്ഷികളുടെ െഎക്യത്തിനും ഡി.എം.കെ മുന്നിലുണ്ടാവുമെന്നും ബി.ജെ.പിക്കെതിരെ വിവിധ രാഷ്ട്രീയകക്ഷികളെ ഒരു കുടക്കീഴിൽ അണിനിരത്താനുള്ള മമതയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായുമാണ് സ്റ്റാലി​െൻറ ട്വീറ്റ്. ഇതിന് മമത നന്ദി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ പാർലമ​െൻറ് സമ്മേളനകാലത്തും സ്റ്റാലിൻ മമത ബാനർജിയുമായി ഫോണിൽ ചർച്ച നടത്തിയത് വാർത്തയായിരുന്നു. പുതിയ സാഹചര്യത്തിൽ തമിഴ്നാട്ടിലെ ഡി.എം.കെ-കോൺഗ്രസ് മുന്നണി ബന്ധത്തിൽ ആശങ്ക നിഴലിക്കുന്നുണ്ട്. കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണിക്ക് മുന്നോട്ടുപോകാനാവില്ലെന്നും ഫലത്തിൽ ഇത് ബി.ജെ.പിക്ക് ഗുണകരമാകുമെന്നാണ് സമൂഹ മാധ്യമങ്ങളിലുയരുന്ന വിമർശനം. പുതിയ വിവാദം ബി.ജെ.പി കേന്ദ്രങ്ങളിൽ ആഹ്ലാദം പടർത്തി. മൂന്നാം മുന്നണി രൂപവത്കരണത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ബന്ധം ഡി.എം.കെ ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാവുന്നതെന്ന് ബി.ജെ.പി വക്താവ് നാരായണൻ തിരുപ്പതി അഭിപ്രായപ്പെട്ടു. നിലവിൽ കോൺഗ്രസ് നയിക്കുന്ന യു.പി.എയുടെ ഭാഗമാണ് ഡി.എം.കെ എന്നും പ്രത്യേക സാഹചര്യത്തിൽ മമതയുടെ ഭാഗത്തുനിന്നുണ്ടായ അഭ്യർഥനയോട് പ്രതികരിക്കുക മാത്രമാണുണ്ടായതെന്നും സ്റ്റാലിൻ വിശദീകരിച്ചു. തെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിയുള്ളതിനാൽ പാർട്ടി ഉന്നതാധികാര സമിതി ഉചിത തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെ ഒഴിവാക്കി കൂടുതൽ സീറ്റുനേടി ദേശീയതലത്തിൽ ഡി.എം.കെയെ നിർണായക ശക്തിയാക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുന്ന സാഹചര്യത്തിലാണ് സ്റ്റാലിൻ മൂന്നാം മുന്നണി നീക്കത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.