റേഷൻ കടകളിൽ അരിയും ഗോതമ്പും ഇല്ല; ഉപഭോക്താക്കൾ നട്ടം തിരിയുന്നു

പുലാമന്തോൾ: റേഷൻ കടകളിൽ അരിയും ഗോതമ്പും എത്താൻ വൈകിയതോടെ പൊതുജനം നട്ടം തിരിയുന്നു. പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ വിവിധ റേഷൻ കടകളിലാണ് മാസം തീരാറായിട്ടും അരിയും ഗോതമ്പും കിട്ടാതായത്. റേഷൻ ഷാപ്പുകളിൽ ഇ-പോസ് സ്ഥാപിക്കുന്നതി​െൻറ ഭാഗമായി 10 ദിവസം അവധിയാണെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. കൂടാതെ വാതിൽപ്പടി വിതരണത്തിനായി അഞ്ച് ദിവസവും റേഷൻ വിതരണം നിർത്തിവെച്ചിരുന്നു. ഇപ്പോൾ വിതരണം നടക്കുന്ന റേഷൻകടകളിൽ പുതുതായി സ്ഥാപിച്ച ഇ-പോസ് ആപ്ലിക്കേഷനിൽ അരിയും ഗോതമ്പും കയറിയിട്ടില്ലെന്നും പരാതിയുണ്ട്. 15 ദിവസത്തിനകം മുടങ്ങിക്കിടക്കുന്ന റേഷൻ വിതരണം പുനഃസ്ഥാപിക്കാനാവുമെന്ന് അധികൃതർ അറിയിച്ചെങ്കിലും മാസം കഴിയാറായിട്ടും അരിയും ഗോതമ്പും എത്താത്തതിൽ കടയുടമകളും ഉപഭോക്താക്കളും ഒരു പോലെ അസ്വസ്ഥരാണ്. എത്താൻ വൈകുന്നതോടെ ഈ മാസത്തെ റേഷൻ നഷ്ടപ്പെടുമോ എന്ന വേവലാതിയാണ് സാധാരണക്കാരായ റേഷൻ ഉപഭോക്താക്കൾക്ക്. മാസാവസാനം അരിയും ഗോതമ്പും ഒന്നിച്ചു വന്നാൽ എങ്ങനെ വിതരണം ചെയ്യുമെന്ന ആശങ്ക റേഷൻ കടയുടമകളും പങ്ക് വെക്കുന്നു. അവതാളത്തിലായ റേഷൻ വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് കട്ടുപ്പാറ മേഖല കോൺഗ്രസ് കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു. ഷാജി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. കെ. അബൂബക്കർ, പി. ഹമീദ്, ഇ.കെ. റഫീഖ്, കെ. നാസർ, ഇ.പി. ഇബ്രാഹീം, ബി. മുഹമ്മദ് കുട്ടി, വി.കെ. മുസ്തഫ, സൽമാൻ കറുത്തോടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.