യുവതിയും കുഞ്ഞും മരിച്ച സംഭവം: സമഗ്ര അ​ന്വേഷണത്തിന്​ പട്ടികജാതി, വർഗ കമീഷൻ ഉത്തരവ്​

മലപ്പുറം: കൊണ്ടോട്ടി മുതുവല്ലൂരിലെ പട്ടികജാതി യുവതിയും കുഞ്ഞും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന പട്ടികജാതി, ഗോത്ര വർഗ കമീഷൻ ഉത്തരവിട്ടു. മലപ്പുറത്ത് ചൊവ്വാഴ്ച സംഘടിപ്പിച്ച ജില്ലതല അദാലത്തിലാണ് നടപടി. 2017 സെപ്റ്റംബർ 15നാണ് കേസിനാസ്പദമായ സംഭവം. പ്രസവ ചികിത്സക്കിടെ രക്തസ്രാവത്തെത്തുടർന്ന് യുവതിയും നവജാതശിശുവും മരിക്കുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് സുപ്രണ്ടിനോടും ജില്ല മെഡിക്കൽ ഓഫിസറോടും കമീഷൻ റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് സമഗ്ര അന്വേഷണത്തിന് സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകുമെന്ന് കമീഷൻ ചെയർമാൻ ബി.എസ്. മാവോജി പറഞ്ഞു. പുളിക്കൽ കണ്ണംവെട്ടിക്കാവിലെ സത്യ​െൻറ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം നടത്താൻ ജില്ല പൊലീസ് മേധാവിയോട് കമീഷൻ ഉത്തരവിട്ടു. സഹോദരി സുമതി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ 18ന് വീടിനടുത്ത് ആളൊഴിഞ്ഞ പറമ്പിലാണ് സത്യ​െൻറ മൃതദേഹം കണ്ടത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് സഹോദരിയുടെ പരാതി. എടവണ്ണ ബീമ്പുംകുഴി മുതുവാൻ കോളനിയിലെ കുടുംബങ്ങൾക്ക് പതിച്ച് നൽകിയ ഭൂമി തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാൻ ജില്ല കലക്ടറോട് ആവശ്യപ്പെട്ടു. കോളനിയിലെ 30 കുടുംബങ്ങൾക്കായി പതിച്ച് നൽകിയ 125 ഏക്കർ ഭൂമി ചിലർ തട്ടിയെടുത്തെന്നായിരുന്നു പരാതി. 125 ഏക്കർ ഭൂമിയുണ്ടായിരുന്നത് അന്യാധീനപ്പെട്ട് നിലവിൽ 30 ഏക്കർ മാത്രമാണുള്ളതെന്നും പരാതിയിൽ പറയുന്നു. നിയമപ്രകാരം കോളനിവാസികൾക്ക് സർക്കാർ പതിച്ച് നൽകിയ വനഭൂമിയാണിത്. കരുവാരക്കുണ്ട് പുറ്റളയിൽ കൈവശ ഭൂമിയിൽ വനം വകുപ്പ് കൃഷി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന പരാതിയിലും അന്വേഷണം നടത്താൻ കമീഷൻ ഉത്തരവിട്ടു. 68 പരാതികളാണ് കമീഷന് മുമ്പിൽ വന്നത്. ഇതിൽ 51 എണ്ണം തീർപ്പാക്കി. പുതിയ 35 പരാതികളും ലഭിച്ചു. കമീഷൻ അംഗങ്ങളായ എസ്. അജയകുമാർ, പി.കെ. സിജ, എ.ഡി.എം വി. രാമചന്ദ്രൻ എന്നിവരും സിറ്റിങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.