വികസനം കാണാൻ വിഭജനം കൊതിച്ച് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്

അരീക്കോട്: കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തുകളിൽ ഒന്നും മലയോര കുടിയേറ്റ കർഷക ഗ്രാമ പഞ്ചായത്തുമായ ഊർങ്ങാട്ടിരി വിഭജിച്ച് രണ്ട് ഗ്രാമപഞ്ചായത്തുകളാക്കി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. 78 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തി​െൻറ ഭരണകാര്യങ്ങൾ നിർവഹിക്കാൻ ഭൂവിസ്തൃതി വലിയ തടസ്സം സൃഷ്ടിക്കുന്നതിനാലാണ് വിഭജന ആവശ്യം ഉയരുന്നത്. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തി​െൻറ ഒന്നാം വാർഡി​െൻറ മാത്രം വലിപ്പം അതിർത്തി ഗ്രാമപഞ്ചായത്തായ കീഴുപറമ്പി​െൻറ മൊത്തം വിസ്തൃതിയായ 12 ചതുരശ്ര കിലോമീറ്ററാണ്. സമീപ ഗ്രാമപഞ്ചായത്തുകളായ കീഴുപറമ്പ്, അരീക്കോട്, കാവനൂർ, കുഴിമണ്ണ എന്നിവ ഒരുമിച്ചു ചേർത്താൽ പോലും 21 വാർഡുകളുള്ള ഊർങ്ങാട്ടിരിയുടെ വിസ്തൃതിയാവില്ല. 2011ലെ സെൻസസ് പ്രകാരം 40,000ത്തോളം ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ 45,000ലേറെ ജനസംഖ്യയുണ്ട്. ഊർങ്ങാട്ടിരി, വെറ്റിലപ്പാറ എന്നിങ്ങനെ രണ്ട് വില്ലേജ് ഓഫിസുകളുള്ള ഗ്രാമപഞ്ചായത്തിൽ വെറ്റിലപ്പാറ ആസ്ഥാനമായി ഒരു സാമൂഹികാരോഗ്യ കേന്ദ്രവും പൂവ്വത്തിക്കലിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും ഉണ്ട്. വെറ്റിലപ്പാറയിൽ ഒരു ഗവ. ഹൈസ്കൂളും മൂർക്കനാട്ട് ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുമാണുള്ളത്. 14 നീർത്തടങ്ങളുള്ള പഞ്ചായത്തിൽ ആറ് പോസ്റ്റ് ഓഫിസുകളുമുണ്ട്. 14 ആദിവാസി ഊരുകളാണ് ഗ്രാമപഞ്ചായത്തിലുള്ളത്. വെറ്റിലപ്പാറ വില്ലേജ് പരിധിയിലെ ഓടക്കയം, വെറ്റിലപ്പാറ, ചുണ്ടത്തു പൊയിൽ, പനമ്പിലാവ് വാർഡുകളിലും ഊർങ്ങാട്ടിരി വില്ലേജിലെ വേഴക്കോട് വാർഡിലുമായാണ് ആദിവാസികൾ താമസിക്കുന്നത്. ഗ്രാമപഞ്ചായത്ത് വിഭജിച്ചാൽ മാത്രമേ ആദിവാസി മേഖലകളിൽ കൂടുതൽ വികസനം സാധ്യമാവൂ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൂടരഞ്ഞി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളുമായും മലപ്പുറം ജില്ലയിലെ ചാലിയാർ, മമ്പാട്, എടവണ്ണ, അരീക്കോട്, കീഴുപറമ്പ് എന്നിങ്ങനെയായി എട്ട് ഗ്രാമപഞ്ചായത്തുകളുമായും അതിർത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്തെന്ന അപൂർവ സവിശേഷതയും ഇവിടെയുണ്ട്. മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനുകളുമുള്ള പഞ്ചായത്തിൽ ചെലവഴിക്കുന്ന ഫണ്ടുകൾ ആവശ്യങ്ങൾക്ക് തികയുന്നില്ല. 2015ൽ ഗ്രാമപഞ്ചായത്തുകൾ വിഭജിക്കാനുള്ള നടപടികൾ യു.ഡി.എഫ് സർക്കാർ ആരംഭിച്ചപ്പോൾ അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബീന കണ്ണനാരി നൽകിയ ശിപാർശ വിഭജന കമീഷൻ സ്വീകരിച്ച് വാദം കേട്ടെങ്കിലും പുതിയ പഞ്ചായത്തുകൾ ധിറുതി പിടിച്ച് രൂപവത്കരിക്കാനുള്ള ശ്രമം കോടതി തടഞ്ഞതോടെ വിഭജനം നടക്കാതെ പോയി. ഈ സാഹചര്യം മുന്നിൽ കണ്ട് സംസ്ഥാന സർക്കാർ 2020 നവംബറിൽ നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പഞ്ചായത്ത് വിഭജനം സാധ്യമാക്കാൻ ഇപ്പോൾ തന്നെ നടപടി ക്രമങ്ങൾ ആരംഭിച്ചതാണ് ഊർങ്ങാട്ടിരിക്കാർക്ക് പ്രതീക്ഷ നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.