വള്ളിക്കുന്ന് തീരത്തെ നടുക്കി രൂക്ഷമായ കടലാക്രമണം

വള്ളിക്കുന്ന്: വള്ളിക്കുന്നിൽ ശക്തമായ കടലാക്രമണം. ഞായറാഴ്ച വൈകീട്ടോടെയാണ് തീരത്തേക്കും റോഡിലേക്കും ഉൾപ്പെടെ കടൽ കയറിയത്. അരിയല്ലൂരിലെ പരപ്പാൽ ബീച്ചിൽ തീരത്തുണ്ടായിരുന്ന നിരവധി മത്സ്യബന്ധന തോണികൾ തക്കസമയത്ത് തൊഴിലാളികൾ കരയിലേക്ക് മാറ്റിയിട്ടതിനാൽ നാശനഷ്ടം ഉണ്ടായില്ല. മണൽതിട്ടക്ക് മുകളിൽ കൂടി തിരമാല ആഞ്ഞുവീശി ടിപ്പുസുൽത്താൻ റോഡും കടന്ന് വെള്ളം സ്വകാര്യവ്യക്തികളുടെ പറമ്പുകളിൽ വരെ എത്തി. രണ്ട് ദിവസമായി ശക്തമായ കടലാക്രമണം ഉള്ളതിനാൽ തോണികൾ പരമാവധി തീരത്തേക്ക് അടുപ്പിച്ചാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ, ഉച്ചക്ക് രണ്ടോടെ തിരമാല ആഞ്ഞടിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അറിയിച്ചതനുസരിച്ച് കൂടുതൽ തൊഴിലാളികളെത്തി മുഴുവൻ തോണികളും റോഡി​െൻറ മറുവശത്തേക്കും സമീപത്തെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കും മാറ്റിയിട്ടു. തിട്ടക്ക് മുകളിലൂടെ ആഞ്ഞുവീശിയ തിരമാലകൾ തീരത്തെ തോണികളെ കടലിലേക്കൊഴുക്കി കൊണ്ടുപോവുമായിരുന്നെങ്കിലും തൊഴിലാളികൾ തോണികളിൽ പിടിച്ചുനിന്ന് സംരക്ഷിക്കുകയായിരുന്നു. പ്രദേശത്ത് പുലിമുട്ട് നിർമിക്കാത്തതാണ് പ്രശ്നം. കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ കടലാക്രമണത്തിൽ ഭിത്തിയില്ലാത്ത 200 മീറ്ററിലധികം ദൂരത്തിലുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെ തീരം കടലെടുത്തിരുന്നു. മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യം പരിഗണിച്ച് പുലിമുട്ട് നിർമിക്കാൻ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോഴും ഫയലിൽ കുരുങ്ങിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.