മണ്ണെടുപ്പ്​: ടിപ്പറുകളും മണ്ണുമാന്തി യന്ത്രവും പിടികൂടി

കാളികാവ്: അനധികൃത മണ്ണെടുപ്പിനെ തുടർന്ന് ചോക്കാട് പന്നിക്കോട്ടുമുണ്ടയില്‍നിന്ന് മൂന്ന് ടിപ്പറുകളും മണ്ണുമാന്തി യന്ത്രവും പിടികൂടി. കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാളികാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടികൂടിയത്. പന്നിക്കോട്ടുമുണ്ടയില്‍ കുന്നിടിക്കല്‍ വ്യാപകമായിരുന്നു. ഇതോടെയാണ് കാളികാവ് പൊലീസ് ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. തൊട്ടടുത്ത വാളക്കുളം ലക്ഷംവീട് ഭാഗത്തെ കുന്നിടിക്കലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ചോക്കാട് ലോക്കല്‍ കമ്മിറ്റി രംഗത്ത് വന്നിരുന്നു. മാസങ്ങളോളമായി പ്രദേശത്ത് വ്യാപക മണ്ണെടുപ്പ് തുടങ്ങിയിട്ട്. ഉയര്‍ന്ന പ്രദേശത്തുനിന്ന് മണ്ണെടുക്കുന്നത് നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ സ്ഥലമുടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അനധികൃത മണ്ണെടുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന് മാത്രമല്ല മണ്ണെടുക്കുന്നവര്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നു. പിടികൂടിയ മണ്ണുമാന്തി യന്ത്രവും ടിപ്പറുകളും ഉടന്‍തന്നെ റവന്യൂ അധികൃതര്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. കാളികാവ് എസ്.ഐ പ്രമോദ് കുമാര്‍, എസ്.ഐ കരീം, സി.പി.ഒമാരായ പ്രവീണ്‍, നിയാസ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.