ലിംഗനീതിയിൽ ഇന്ത്യ പിന്നോട്ടു സഞ്ചരിക്കുന്നു - ടി.രാധാമണി

മഞ്ചേരി: സ്ത്രീകൾക്ക് മനുഷ്യാവകാശം അനുവദിക്കുന്നതിലും ലിംഗനീതിയിലും ഇന്ത്യ അനുദിനം പിന്നോട്ടു സഞ്ചരിക്കുകയാണെന്ന് കേരള സർക്കാർ വനിതാരത്നം പുരസ്കാര ജേതാവും പരിഷത്തിന്റെ പ്രഥമ വനിതാ സംസ്ഥാന പ്രസിഡന്റുമായ ടി.രാധാമണി. പന്തലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് 'ലിംഗനീതി - സങ്കൽപ്പവും യാഥാർഥ്യവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. സാമൂഹ്യരംഗത്തെ ഉജ്വല സാന്നിധ്യമായിരുന്ന സ്ത്രീകൾ പോലും ചരിത്രത്തിന്റെ തമോഗർത്തങ്ങളിൽ മറഞ്ഞുപോകുന്ന അവസ്ഥയാണുള്ളത്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലുൾപ്പെടെ പുരുഷന്മാരെക്കാൾ തിളങ്ങി നിന്നവരുണ്ടായിരുന്നു. തമസ്കരിക്കപ്പെട്ട ചരിത്ര വനിതകളെ വീണ്ടെടുത്താൽ മാത്രമേ രാജ്യത്ത് ലിംഗനീതി സാധ്യമാവൂ. കേരളത്തിൽ പ്രഥമ കേരള മന്ത്രിസഭയിലെന്ന പോലെ ഇപ്പോഴും ഒറ്റ സ്ത്രീ പ്രാതിനിധ്യത്തിൽ നിൽക്കുകയാണ്‌. ഔദ്യോഗിക തൊഴിൽ മേഖലകളിൽ ഉയർന്ന സ്ഥാനങ്ങളിൽ സ്ത്രീകൾ ധാരാളമായി എത്തുമ്പോഴും നിർണായക തീരുമാനങ്ങളെടുക്കേണ്ട സ്ഥാനങ്ങളിലേക്ക് ഇപ്പോഴും സ്ത്രീകൾ നിയമിക്കപ്പെടുന്നില്ല. പഞ്ചായത്തുകളിലല്ലാതെ നിയമനിർമാണ സഭകളിൽ തുല്യ പങ്കാളിത്തം സ്ത്രീക്ക് നൽകാൻ ഇപ്പോഴും തയാറായിട്ടില്ല. രാധാമണി പറഞ്ഞു. പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.വി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. യു. കലാനാഥൻ, ഡോ. പി. മുഹമ്മദ് ഷാഫി, പത്മനാഭൻ മാസ്റ്റർ, കെ.പി. അബൂബക്കർ, പി.സേജിത, കെ. അബൂബക്കർ, ഇ.എ.മജീദ് എന്നിവർ സംബന്ധിച്ചു. സ്വാഗത സംഘം ചെയർമാൻ എം. പ്രശാന്ത് സ്വാഗതവും ജനറൽ കൺവീനർ പി. നാരായണൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി.ആർ. പ്രമോദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.സുധീർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി. ഗംഗാധരൻ സംഘടനാ രേഖ അവതരിപ്പിച്ചു. വൈകീട്ട് ഗ്രാമശാസ്ത്രജാഥ നടത്തി. ഞായറാഴ്ച രാവിലെ 10ന് 'സമകാലിക ഇന്ത്യ - പ്രതിരോധത്തിന്റെ സാംസ്കാരിക പാഠങ്ങൾ' എന്ന വിഷയത്തിൽ ഡോ. പി.വി. പ്രകാശ് ബാബു പ്രഭാഷണം നടത്തും. ജില്ലയിലെ 11 മേഖലകളിൽ നിന്ന് ഇരുന്നൂറ് പ്രതിനിധികളാണ് സമ്മേള നത്തിൽ പങ്കെടുക്കുന്നത്. മാലിന്യ സംസ്കരണം, കുടിവെള്ള സംരക്ഷണം, കൃഷി എന്നീ മേഖലകളിൽ ഒരു വർഷം നീണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാണ് പന്തലൂരിൽ സമ്മേളനം നടത്തുന്നത്. ഫോട്ടോ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം പന്തലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മുൻ സംസ്ഥാന പ്രസിഡണ്ട്‌ ടി.രാധാമണി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.