മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ലക്ഷങ്ങളുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നു

മണ്ണാർക്കാട്: സാധാരണക്കാരന് ആശ്രയമാകേണ്ട ലക്ഷങ്ങൾ വിലപിടിപ്പുളള ആധുനിക ചികിത്സ ഉപകരണങ്ങൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പൊടിപിടിച്ച് കിടക്കുന്നു. ഒരു വർഷം മുമ്പ് വാങ്ങിയ രക്തപരിശോധനക്ക് ആവശ്യമായ ഓട്ടോമാറ്റിക് അനലൈസറും സ്കാനിങ് മെഷീനും ഉൾപ്പെടെയാണ് അധികൃതരുടെ അനാസ്ഥയിൽ നോക്കുകുത്തിയാവുന്നത്. ദിനംപ്രതി ആയിരത്തിലധികം പാവപ്പെട്ട രോഗികൾ ചികിത്സക്ക് എത്തുന്ന ആശുപത്രിയിൽ പരിശോധനകളെല്ലാം സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തേണ്ട സ്ഥിതിയാണ്. രക്തപരിശോധനക്ക് ആവശ്യമായ സമ്പൂർണ ഓട്ടോമാറ്റിക് അനലൈസറാണ് ഒരു വർഷമായി വൈദ്യുതി കണക്ഷൻ ഇല്ലെന്ന കാരണം പറഞ്ഞ് പൊടിപിടിച്ച് കിടക്കുന്നത്. നിരവധി ഗർഭിണികൾ ചികിത്സക്ക് എത്തുന്ന താലൂക്ക് ആശുപത്രി സ്കാനിങ് സംവിധാനം അത്യാവശ്യമാണെങ്കിലും മെഷീൻ വാങ്ങി വെച്ചതല്ലാതെ ഉപയോഗിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മെഷീനുകൾ ഇപ്പോഴും പൂട്ടിയിട്ട മുറിക്കുള്ളിൽ പൊടിപിടിച്ച് കിടക്കുകയാണ്. രക്ത പരിശോധനക്കും സ്കാനിങിനുമുൾപ്പെടെ സൗജന്യ ചികിത്സ പ്രതീക്ഷിച്ച് എത്തുന്ന രോഗികൾ നല്ലൊരു തുക പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ മുടക്കേണ്ട സ്ഥിതിയാണ്. താലൂക്ക് ആശുപത്രിയിൽ പണി പൂർത്തിയായ പുതിയ കെട്ടിടത്തി​െൻറ അവസ്ഥയും നാഥനില്ലാത്ത സ്ഥിതിയാണ്. പണി പൂർത്തിയായിട്ടും വൈദ്യുതീകരണമുൾപ്പെടെ അനിശ്ചിതാവസ്ഥയിലാണ്. നഗരസഭയിൽനിന്ന് ആരോഗ്യ വകുപ്പിന് ഉടമസ്ഥാവകാശം കൈമാറാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതെന്നാണ് ആരോപണം. നഗരസഭയും ജനപ്രതിനിധികളും ആരോഗ്യ വകുപ്പും മണ്ണാർക്കാട് താലൂക്ക് ആശുപത്രിക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. താലൂക്ക് ആശുപത്രിക്ക് എം.പി ഫണ്ടിൽനിന്ന് അനുവദിച്ച ആംബുലൻസും സാങ്കേതികത്വത്തിൽ കുടുങ്ങിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.