കേരള പ്രീമിയർ ലീഗ്: കേരള പൊലീസിനെ മുട്ടുകുത്തിച്ച് സാറ്റ് തിരൂർ

തിരൂർ: കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ കരുത്തരായ കേരള പൊലീസിനെ മുട്ടുകുത്തിച്ച് തിരൂർ സാറ്റിന് രണ്ടാം ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയം. അപ്രതീക്ഷിതമായി വിരുന്നെത്തിയ ചാറ്റൽമഴയിലും ആവേശം വിതച്ച കളത്തിൽ തിരൂർ സാറ്റായിരുന്നു തുടക്കം മുതൽ മിന്നിയത്. ആദ്യ പകുതിയുടെ 42ാം മിനിറ്റിൽ സന്തോഷ് േട്രാഫി താരം ശശാങ്കൻ തിരൂരിനെ മുന്നിലെത്തിച്ചു. മുസമ്മിൽ നൽകിയ പാസ് ഗോൾ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോളുകൾ പിറന്നില്ല. രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റിൽ കെ. ഉനൈസിലൂടെ സാറ്റ് സ്കോർ ഉയർത്തി. ഫസലുറഹ്മാ‍​െൻറ ഷോട്ട് ബാറിൽ തട്ടിമടങ്ങിയത് ഉനൈസ് തട്ടിയെടുത്ത് പോസ്റ്റിലേക്ക് വഴി തിരിച്ചുവിട്ടു. പിന്നീട് പിറന്ന കേരള പൊലീസി‍​െൻറ രണ്ട് ഗോളുകളും റഫറിയുടെ വിവാദ തീരുമാനങ്ങൾക്കൊടുവിൽ. 20ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനകത്തുവെച്ച് പന്ത് സാറ്റ് താരത്തി‍​െൻറ കൈയിൽ തട്ടിയതിന് റഫറി പെനാൽറ്റി വിധിച്ചു. അഭിജിത് എടുത്ത കിക്ക് സന്തോഷ് ട്രോഫിയിൽ സർവിസസ് വല കാത്ത ശരത് തട്ടിയകറ്റി. എന്നാൽ, കിക്കിന് മുമ്പ് താരങ്ങൾ പെനാൽറ്റി ബോക്സിൽ പ്രവേശിച്ചെന്ന് ചൂണ്ടിക്കാട്ടി റഫറി വീണ്ടും കിക്ക് വിധിച്ചു. രണ്ടാം കിക്കിനു മുന്നിൽ ശരത് നിസ്സഹായനായി. 30ാം മിനിറ്റിൽ സാറ്റ് താരങ്ങൾ ഒരുക്കിയ ഓഫ് സൈഡ് കെണി മറികടന്ന് ശരത് പന്ത് വീണ്ടും സാറ്റ് വലയിലെത്തിച്ചു. ലൈൻ റഫറി ആദ്യം ഓഫ് സൈഡ് വിധിച്ചെങ്കിലും പിന്നീട് തീരുമാനം തിരുത്തിയത് രണ്ടാം ഗോളിനെയും വിവാദത്തിലാക്കി. എന്നാൽ, സമനില കൈവരിക്കാനായ ആശ്വാസം അധികസമയം കേരള പൊലീസിന് നിലനിർത്താനായില്ല. 33ാം മിനിറ്റിൽ കോർണർ കിക്കിലൂടെ ഉയർന്നുവന്ന പന്ത് മനോഹരമായ ഹെഡറിലൂടെ ഫസലുറഹ്മാൻ പോസ്റ്റിലേക്ക് കുത്തിക്കയറ്റി വിജയഗോൾ കുറിച്ചു. സമനിലക്കായി വീണ്ടും പൊലീസ് പൊരുതിയെങ്കിലും സാറ്റ് വല കുലുക്കാനായില്ല. ആദ്യ കളിയിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലായിരുന്നു സാറ്റ്. 25ന് തൃശൂർ എഫ്.സിക്കെതിരെയാണ് സാറ്റി‍​െൻറ അടുത്ത കളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.