ആരോഗ‍്യ ജാഗ്രത: ചാലിയാറിൽ സംയുക്ത പരിശോധന

നിലമ്പൂർ: ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ചാലിയാര്‍ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും സംയുക്തമായി പരിശോധന നടത്തി. പല കടകളും സ്ഥാപനങ്ങളും ശുചിത്വമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ശുചിത്വമില്ലായ്മ അതിരൂക്ഷമായി കണ്ടെത്തി. പഞ്ചായത്തിലെ ഇടിവണ്ണ, എളമ്പിലാക്കോട്, നമ്പൂരിപ്പൊട്ടി എന്നിവിടങ്ങളിലാണ് സംയുക്ത പരിശോധന നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിൽ പലതും ശുചിത്വമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിൽ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുളള സാധ്യത ഏറെയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിശദാംശങ്ങള്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നതിനായി സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. കച്ചവടസ്ഥാപനങ്ങളും മറ്റും പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. കത്തിച്ചാലുണ്ടാവുന്ന ആരോഗ‍്യ പ്രശ്നങ്ങളെ കുറിച്ച് ഇവരെ ബോധവൽക്കരിച്ചു. ആദ്യ തവണയെന്നോണം താക്കീത് നല്‍കുകയും ചെയ്തു. നമ്പൂരിപ്പൊട്ടിയിലെ കൂള്‍ബാറില്‍ നിന്നും പഴകിയതും കാലാവധി കഴിഞ്ഞ് മാസങ്ങളായുള്ള ബേക്കറി, പാല്‍ ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. ഉടമക്ക് നോട്ടീസും കൂടാതെ പിഴയും ചുമത്തി. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ നജീബ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കെ. കമ്മത്ത്, ക്ലാര്‍ക്ക് ചന്ദ്രന്‍, പി.ജി. സുരേഷ് എന്നിവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.