വിതരണത്തിനുള്ള വെള്ളത്തിന് ദുർഗന്ധം; നഗരസഭ കൗൺസിലർമാർ പരിശോധന നടത്തി

ചിറ്റൂർ: ആര്യമ്പള്ളം തടയണയിൽ വിതരണത്തിന് സംഭരിച്ച വെള്ളത്തിന് ദുർഗന്ധം. നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ പരിശോധന നടത്തി. ചിറ്റൂരിലും നല്ലേപ്പിള്ളി ,പൊൽപ്പുള്ളി പഞ്ചായത്തിലെ കുറച്ച് ഭാഗങ്ങളിലും കുടിവെള്ള വിതരണം നടത്തുന്ന ആര്യമ്പള്ളം കുമ്പൻപാറ തടയണയിലെ വെള്ളത്തിൽ ദുർഗന്ധവും നിറവ്യത്യാസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് വെള്ളിയാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് എ. കണ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള കൗൺസിലർമാർ തടയണയിലും ശുദ്ധീകരണശാലയിലും പരിശോധന നടത്തിയത്. വെള്ളം കുളിക്കാൻ പോലുമാവാത്ത വിധം ദുർഗന്ധം അനുഭവപ്പെടുന്നതായി സമീപവാസികളുടെ പരാതിയെ തുടർന്നാണ് കൗൺസിലർമാർ സ്ഥലം സന്ദർശിച്ചത്. സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ട തടയണയിൽ കുളവാഴകളും പായലും നിറഞ്ഞതാണ് വെള്ളത്തി‍​െൻറ നിറവ്യത്യാസത്തിനും ദുർഗന്ധത്തിനും കാരണം. തടയണയിൽ അടിഞ്ഞുകൂടിയ കുളവാഴകൾ നീക്കം ചെയ്യണമെന്ന് നിരവധി തവണ നഗരസഭയോടും ജല അതോറിറ്റിയോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിക്കും തയാറാവാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കൗൺസിലർമാർ പറഞ്ഞു. തടയണയിൽ നിന്നും ശേഖരിക്കുന്ന വെള്ളം ശുദ്ധീകരണശാലയിലെത്തിച്ച് പ്രതിദിനം 3.45 ലക്ഷം ലിറ്റർ വിതരണം ചെയ്യുന്നുണ്ട്. തടയണയിൽ നിന്ന് വെള്ളം ശേഖരിച്ച് പരിശോധനക്ക് നൽകുമെന്ന് പ്രതിപക്ഷ നേതാവ് എ. കണ്ണൻകുട്ടി പറഞ്ഞു. കൗൺസിലർമാരായ എം. സ്വാമിനാഥൻ, പ്രിയ, കവിത, പി.യു. പുഷ്പലത, മണികണ്ഠൻ, എ. രാജ എന്നിവർ സ്ഥലം സന്ദർശിച്ചു. ആണ്ട് നേർച്ച കൊടിയേറി കൊടുവായൂർ: മേലെപ്പള്ളി ആണ്ട് നേർച്ച കൊടിയേറി. മഹല്ല് പ്രസിഡൻറ് അബ്ദുൽ കരീം ഹാജി, എ.എം. ഹനീഫ എന്നിവർ പതാക ഉയർത്തി. കെ.എസ്.എ. അബ്ദുൾ റസാഖ്, ടി.എം. ഫാറൂഖ്, നസീമുദ്ദീൻ, അൻവർ ബാഷ, ഹാരിസ്, ഷംസുദ്ദീൻ ഹാജി, അബ്ബാസ്, അബ്ദുൽ മജീദ്, അബ്ദുൽ കരീം, മുഹമ്മദ് കാസിം എന്നിവർ പങ്കെടുത്തു. 16 യുവതികളുടെ വിവാഹം മതപ്രഭാഷണ പരമ്പര നേർച്ചയുടെ ഭാഗമായി നടക്കും. പ്രവർത്തകർക്കെതിരെ കേസ് വടക്കഞ്ചേരി: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കഴിഞ്ഞ 13ന് രണ്ടര മണിക്കൂർ വടക്കഞ്ചേരി പൊലീസ് സ്റ്റേഷ‍​െൻറ പ്രവർത്തനം തടസ്സപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബി.ജെ.പി നേതാവ് കളവപ്പാടം ഷിബുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ യഥാർഥ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സ്റ്റേഷ‍ൻ പ്രവർത്തനം തടസ്സപ്പെടുത്തിയത്. സ്റ്റേഷൻ പ്രവർത്തനം സംഘം ചേർന്ന് തടസ്സപ്പെടുത്തിയതിനാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.