മഴയെത്തും മുമ്പേ മലപ്പുറം ഒരുങ്ങുന്നു

മലപ്പുറം: മഴക്കാലം തുടങ്ങും മുമ്പ് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികം പ്രമാണിച്ചാണ് തീരുമാനം. പകർച്ചവ്യാധിമൂലമുള്ള മരണം ഇല്ലാത്ത ജില്ല എന്ന ലക്ഷ്യത്തോടെ ഏപ്രിൽ 21, 24 തീയതികളിലും മേയ് 15, 22, 26 തീയതികളിലും 'ഹെൽത്തി കേരള' പരിപാടി നടത്തും. ഇതിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം, പ്രവർത്തന സ്ഥലം, ജില്ലയിലെ ഭക്ഷണപാനീയ കടകൾ, മാർക്കറ്റുകൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങി ജലജന്യ രോഗങ്ങൾ തടയുന്നതിന് മേയ് 18, 19 തീയതികളിൽ 'സുരക്ഷിത കുടിവെള്ളം' പ്രചാരണ പരിപാടി നടത്തും. ഇതി​െൻറ ഭാഗമായി എല്ലാ കുടിവെള്ള വിതരണ ഏജൻസികളും ബന്ധപ്പെട്ട ആരോഗ്യസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദേശം നടപ്പാക്കിവരികയാണ്. മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ള കൊണ്ടോട്ടി, വളവന്നൂർ, കുറ്റിപ്പുറം ബ്ലോക്കുകളും എടവണ്ണയുടെ കീഴിലുള്ള അരീക്കോടും യഥാക്രമം മേയ് 19, 22 തീയതികളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ ബോധവത്കരണ പരിപാടികളും സെമിനാറുകളും നടത്തും. ഡെങ്കിപ്പനിയും അതുമൂലമുള്ള മരണവും തടയുക എന്ന ലക്ഷ്യത്തോടെ മേയ് 10, 11 തീയതികളിൽ പ്രചാരണം നടത്തും. ഇതി​െൻറ ഭാഗമായി മേയ് 24ന് ചുങ്കത്തറ, വണ്ടൂർ, 28ന് മേലാറ്റൂർ, ഉൗർങ്ങാട്ടിരി, കീഴുപറമ്പ് എന്നിവിടങ്ങളിൽ പ്രത്യേകം സെമിനാറുകൾ നടത്തും. തൊഴിൽവകുപ്പ്, കൃഷിവകുപ്പ്, റബർ ബോർഡ്, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട് താലൂക്കുകളിൽ യഥാക്രമം മേയ് 19, 23, 25 തീയതികളിൽ തോട്ടം ഉടമസ്ഥരുടെ യോഗവും വർക്ഷോപ്പും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.