ഐ.ഐ.ടിക്ക് ഭൂമി; കൂടുതൽ വില ഉറപ്പാക്കി സർക്കാറി‍െൻറ പുതിയ ഉത്തരവ്

പാലക്കാട്: കഞ്ചിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് (ഐ.ഐ.ടി) വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനൊടുവിൽ സംസ്ഥാന സർക്കാർ ഭൂവുടമകൾക്ക് വഴങ്ങി. ഭൂമിയുടെ വില ഉടമകൾക്ക് തൃപ്തികരമായി ലഭിക്കുന്ന വിധത്തിൽ ഏപ്രിൽ 18ന് ഇറക്കിയ പുതിയ ഉത്തരവിൽ 2013ലെ ഏറ്റെടുക്കൽ നിയമമാണ് പ്രാബല്യത്തിൽ വരികയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഐ.ഐ.ടിക്ക് ഏറ്റെടുക്കാൻ ബാക്കിയുള്ള 44.35 ഏക്കർ ഭൂമിക്ക് സർക്കാറിന് കൂടുതൽ വില നൽകേണ്ടി വരും. ഭൂവുടമകളായ 10 കുടുംബങ്ങളുടെ വർഷങ്ങളായുള്ള ആവശ്യവും ഇതുതന്നെയായിരുന്നു. 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ ഇപ്പോഴത്തേക്കാൾ കൂടുതൽ വില ലഭിക്കുമെന്ന് ഭൂവുടമകളും പറയുന്നു. ഐ.ഐ.ടിക്ക് ഭൂമി കൈമാറാൻ ബാക്കിയുള്ള 10 കുടുംബങ്ങൾ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതോടെയാണ് സർക്കാർ പുനർചിന്തനത്തിന് ഒരുങ്ങിയത്. ഭൂമി ഏറ്റെടുക്കുമ്പോൾ 2013ലെ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്നും ഭൂമിയിൽനിന്ന് ഭൂവുടമകളെ ഇറക്കിവിടാൻ പാടില്ല എന്നുമായിരുന്നു 2017 ഏപ്രിൽ 12ലെ ഹൈകോടതി ഉത്തരവ്. വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ സാമൂഹിക ആഘാത പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. നവംബർ മാസത്തിൽ കരട് റിപ്പോർട്ടും ജനുവരിയിൽ അവസാന റിപ്പോർട്ടും സമിതി സമർപ്പിച്ചു. ഈ റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിലാണ് സർക്കാർ ഭൂവുടമകൾക്ക് വഴങ്ങിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ ഉത്തരവ് തങ്ങളുടെ ദൗത്യം വിജയിച്ചതി‍​െൻറ ലക്ഷണമായാണ് ഭൂവുടമകൾ കാണുന്നത്. ഏറ്റെടുക്കൽ യാഥാർഥ്യമാകാൻ ഇനിയും കടമ്പകൾ അധികൃതരുടെ മുന്നിലുണ്ട്. പുതിയ വിജ്ഞാപനം ഇറക്കണം. ഒടുവിൽ ഇറക്കിയ ഉത്തരവ് പ്രകാരം ഭൂവുടമകളുമായി നടത്തുന്ന ചർച്ചയിൽ മാത്രമേ വില സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാവൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.