മിനിലോറി കടയിലേക്ക്​ പാഞ്ഞുകയറി അഞ്ചുപേർക്ക്​ പരിക്ക്​

മലപ്പുറം: അപകടങ്ങൾ തുടർക്കഥയായ പാങ്ങ് പള്ളിപ്പറമ്പിൽ മിനിലോറി നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി ബസ് കാത്തു നിൽക്കുകയായിരുന്ന വയോധികനും ലോറി ജീവനക്കാർക്കുമടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. ഇബ്രാഹിം മുസ്ലിയാർ (75), ലോറി ഡ്രൈവർ പുത്തനങ്ങാടി സ്വദേശി അലി, ഹാരിസ്, ആസിഫ്, ഫായിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അലിക്കും ഹാരിസിനും തലക്ക് സാരമായി പരിക്കുണ്ട്. പടപ്പറമ്പ് ഭാഗത്ത് നിന്ന് കാടാമ്പുഴയിലേക്ക് കോഴിയുമായി പോയ വാഹനമാണ് ചൊവ്വാഴ്ച രാവിലെ ആറോടെ അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങളെ രക്ഷിക്കാനായി വെട്ടിച്ചപ്പോഴാണ് പള്ളിപ്പറമ്പ് സുലൈമാ​െൻറ ഉടമസ്ഥതയിലുള്ള സഫ സ്റ്റോർസിലേക്ക് പാഞ്ഞുകയറിയതെന്ന് സംശയിക്കുന്നു. പുലർച്ച ആയതിനാൽ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അധികം ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. പെരിന്തൽമണ്ണയിൽ നിന്ന് കാടാമ്പുഴയിലേക്കും മലപ്പുറത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്കുമുള്ള നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. രണ്ട് മാസത്തിനിടെ ചെറുതും വലുതുമായി നൂറോളം അപകടങ്ങളാണ് ഇവിടെ നടന്നത്. രണ്ട് മാസത്തിനിടെ മൂന്ന് വാഹനങ്ങളാണ് നിയന്ത്രണം നഷ്ടമായി സഫ സ്റ്റോർസിൽ ഇടിച്ചുകയറിയത്. വീതികുറഞ്ഞ റോഡും കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണം. അപകടമേഖലയാണെന്ന മുന്നറിയിപ്പ് ബോർഡുകളോ വേഗനിയന്ത്രണ സംവിധാനമോ ഇവിടെയില്ല. പി.ഡബ്ല്യു.ഡി റോഡുകൾക്ക് എട്ട് മീറ്റർ വീതി വേണമെന്നിരിക്കെ പള്ളിപ്പറമ്പിൽ ഇത് ഒരു മീറ്റർ കുറവാണ്. നടപടികൾ കടലാസിലൊതുങ്ങി റോഡപകടം കുറക്കാനാവശ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് പാങ്ങ് ചേണ്ടി ഡ്രൈവേഴ്സ് യൂനിയൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പി.ഡബ്ല്യു.ഡി അധികൃതർക്കും പരാതി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ പി.ഡബ്ല്യു.ഡി റോഡ് ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. അപകടങ്ങളൊഴിവാക്കാൻ സൂചനബോർഡുകൾ സ്ഥാപിക്കുമെന്നും സ്ഥലം ലഭ്യമാകുന്ന മുറക്ക് റോഡ് വീതികൂട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപ്പായില്ല. കുത്തനെയുള്ള കയറ്റവും കൊടും വളവുകളുമായതിനാൽ വേഗനിയന്ത്രണ വരമ്പ് സ്ഥാപിക്കൽ കാര്യക്ഷമമാകില്ല. അതിർത്തി ഭിത്തികെട്ടൽ അടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെങ്കിലും സ്ഥലം േവണം. സർവേ നടത്തി സ്ഥലം ലഭ്യമാകുകയാണെങ്കിൽ റോഡ് വീതി കൂട്ടുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് റവന്യു വകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും കാര്യമുണ്ടായില്ല. ഫെബ്രുവരിയിൽ ജീപ്പ് അപകടത്തിൽപെട്ട് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ഒാേട്ടാ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർക്കും പരിക്കേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.