സഹകരണ ബാങ്കുകൾ 4.32 കോടി പലിശ എഴുതിത്തള്ളി

പെരിന്തല്‍മണ്ണ: സഹകരണ ബാങ്കുകളിലെ '2018 നവകേരളീയം' കുടിശ്ശിക നിവാരണ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ താലൂക്കില്‍ കഴിഞ്ഞ മാര്‍ച്ചില്‍ 4.32 കോടി രൂപ പലിശയിളവായി അനുവദിച്ചു. പെരിന്തല്‍മണ്ണ സര്‍ക്കിള്‍ സഹകരണ യൂനിയനില്‍ വരുന്ന 23 ബാങ്കുകൾ, അര്‍ബന്‍ ബാങ്ക്, മറ്റ് സഹകരണ സംഘങ്ങളുമുള്‍പ്പടെ 47 സഹകരണ സ്ഥാപനങ്ങളാണ് 4.32 കോടി രൂപയുടെ പലിശ എഴുതിത്തള്ളിയത്. ഏറെക്കാലമായി വായ്പ തിരിച്ചടക്കാന്‍ കഴിയാതെ പ്രയാസപ്പെട്ടിരുന്ന 7522 പേര്‍ക്ക് ഇൗ ആനുകൂല്യം ലഭ്യമാക്കിയതായി സഹകരണ സംഘം അസി. രജിസ്ട്രാര്‍ എം. നന്ദകുമാര്‍ അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ കുടിശ്ശിക നിവാരണം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ നിർദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, അതത് സഹകരണ സ്ഥാപനങ്ങള്‍ തലത്തില്‍ രൂപവത്കരിച്ച കമ്മിറ്റിയുടെയും താലൂക്കുതല കമ്മിറ്റിയുടെയും നിർദേശങ്ങളും അനുസരിച്ച് പരമാവധി പലിശയിളവ് അനുവദിക്കുകയായിരുന്നു. കുടിശ്ശിക വായ്പകള്‍ക്ക് നല്‍കിയ പലിശയിളവുകള്‍ക്ക് പുറമെ കൃത്യമായി വായ്പ തിരിച്ചടച്ചവര്‍ക്കും സഹകരണ ബാങ്കുകള്‍ പലിശയിളവ് നല്‍കിയിരുന്നു. ഇത്തരത്തില്‍ ഇളവ് നല്‍കിയത് ഒരു കോടിയോളം രൂപ വരും. 23 സഹകരണ ബാങ്കുകളില്‍ മാത്രം 3.34 കോടി രൂപയാണ് പലിശയിളവ് അനുവദിച്ചത്. അര്‍ബന്‍ ബാങ്കില്‍നിന്ന് 85.95 ലക്ഷം രൂപയും 23 ഇതര വായ്പ സംഘങ്ങളില്‍നിന്ന് 12.61 കോടി രൂപയുമാണ് പലിശയിളവായി അനുവദിച്ചത്. ഇതില്‍ 10.68 ലക്ഷം രൂപ കാര്‍ഷിക വായ്പക്കാര്‍ക്കാണ്. ജില്ലയിലെ തന്നെ ഏറ്റവും വലിയ തോതില്‍ പലിശയിളവ് അനുവദിച്ചതും പെരിന്തല്‍മണ്ണ താലൂക്കിലാണ്. ദേശസാത്കൃത ബാങ്കുകളില്‍ ഇത്തരത്തിലുള്ള ജനകീയമായ ഇടപെടലുകളൊന്നുമില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടി വായ്പ നിക്ഷേപ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നാണ് താലൂക്കുതല സമിതിയുടെ വിലയിരുത്തല്‍. കുടിശ്ശിക നിവാരണ രംഗത്ത് താലൂക്കിലുണ്ടായ മുന്നേറ്റവും പലിശയിളവ് അനുവദിച്ചതും സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍ക്കിള്‍ സഹകരണ യൂനിയന്‍ അടുത്ത ദിവസം യോഗം ചേരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.