അർഹതയുണ്ടായിട്ടും വീട്​ ലഭിച്ചില്ല; വയോധികയും മക്കളും മനുഷ്യാവകാശ കമീഷന് മുന്നിൽ

കാളികാവ് പഞ്ചായത്തിനെതിരെയായിരുന്നു പരാതി തിരൂർ: അർഹതയുണ്ടായിട്ടും വീടിനുള്ള അപേക്ഷയിൽ ഗ്രാമപഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി മനുഷ്യാവകാശ കമീഷന് മുന്നിൽ കുടുംബമെത്തിയത് ആംബുലൻസിൽ. തുവ്വൂര്‍ വെള്ളയൂര്‍ നമ്പ്യാര്‍തൊടി ഫാത്തിമയാണ് (65) ജന്മന രോഗബാധിതരായ മക്കളായ അസ്‌കര്‍ (40), സക്കീന (38) എന്നിവരെയും കൂട്ടി കമീഷന് മുന്നിലെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഏർപ്പെടുത്തിയ ആംബുലൻസിൽ തിരൂരിലെത്തിയ ഇവർ ഇനി കമീഷൻ ഇടപെടൽ തുണയാകുമെന്ന പ്രതീക്ഷയിലാണ്. കാളികാവ് പഞ്ചായത്തിനെതിരെയായിരുന്നു പരാതി. വീടിന് അപേക്ഷ നൽകി വർഷങ്ങളായിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുകയാണെന്ന് ഫാത്തിമ കമീഷൻ അംഗം കെ. മോഹൻകുമാറിനെ ബോധിപ്പിച്ചു. വീടിന് അർഹയാണെന്ന് ബോധ്യമായതോടെ നടപടി വൈകിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടാൻ കമീഷൻ ഉത്തരവിട്ടു. വീട് അനുവദിക്കൽ വീണ്ടും വൈകുകയാണെങ്കിൽ തദ്ദേശ വകുപ്പിനോട് ഇടപെടാൻ ആവശ്യപ്പെടുമെന്ന് കമീഷൻ ഫാത്തിമയെ അറിയിച്ചു. ആംബുലൻസിന് സമീപമെത്തിയാണ് മോഹൻകുമാർ ഫാത്തിമയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്. 47 പരാതികളാണ് വ്യാഴാഴ്ച പരിഗണിച്ചത്. 14 പരാതികളും പൊലീസുമായി ബന്ധപ്പെട്ടവയായിരുന്നു. ഇതിൽ ഏഴെണ്ണം പൊലീസ് അതിക്രമങ്ങൾക്കെതിരെയും. ഗെയില്‍ സ്ഥലമെടുപ്പിനെതിരെ ഇതുവരെ 40 പരാതികൾ ലഭിച്ചതായും മിക്കതിലും പരാതിക്കാർ ഹാജരായില്ലെന്നും കമീഷൻ അറിയിച്ചു. വയോധികക്ക് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയിൽ നടപടികൾ വേഗത്തിലാക്കാൻ കമീഷൻ ഉത്തരവിട്ടു. ജീവിച്ചിരിക്കുമ്പോള്‍തന്നെ പെന്‍ഷന്‍ നല്‍കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമീഷൻ നടപടി. photo tirg ambulance: തിരൂരിൽ മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിന് ആംബുലൻസിലെത്തിയ കുടുംബത്തിൽനിന്ന് അംഗം കെ. മോഹൻകുമാർ വിവരങ്ങൾ തേടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.