യുവാവി‍െൻറ ആത്​മഹത്യ: മൃതദേഹം കൊണ്ടുവന്നതിനിടെ സംഘർഷം

എലപ്പുള്ളി: പള്ളത്തേരിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എ.എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് തടഞ്ഞു. സ്ഥലത്തെത്തിയ കെ.വി. വിജയദാസ് എം.എൽ.എ വിഷയത്തിൽ ഇടപെട്ടത് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്തർക്കത്തിനും ഉന്തിനും തള്ളലിനും കാരണമായി. എം.എൽ.എയും പൊലീസും ധിക്കാരപരമായി പെരുമാറിയെന്നും മരണത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച എലപ്പുള്ളി പഞ്ചായത്തിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു. കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പള്ളത്തേരി ചേവൽക്കാട് സന്തോഷി‍​െൻറ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ട് മൂന്നോടെ എലപ്പുള്ളിയിലെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. ഇതിനിടെയുണ്ടായ ഉന്തിലും തള്ളലിലും ബി.എസ്.പി ജില്ല ജനറൽ സെക്രട്ടറിയും മരിച്ച സന്തോഷി‍​െൻറ ബന്ധുവുമായ രവി പള്ളത്തേരിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരമണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പൊലീസ് സംരക്ഷണത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുകയും വൈകീട്ട് നാലോടെ ചന്ദ്രനഗർ പൊതുശ്മശാനത്തിൽ സംസ്കാരം നടത്തുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ കേസിൽ പ്രതിചേർക്കപ്പെട്ട സന്തോഷിനെ കസബ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും ഇതിലെ മാനസികസംഘർഷത്താൽ ആത്മഹത്യ ചെയ്തെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. നാട്ടുകാർക്കൊപ്പം ബി.ജെ.പി പ്രവർത്തകരും ചേർന്നതോടെ പാലക്കാട്-പൊള്ളാച്ചി അന്തർ സംസ്ഥാനപാത ഉപരോധത്തിലേക്ക് പ്രതിഷേധം നീങ്ങി. പ്രതിഷേധക്കാർ അന്തർ സംസ്ഥാനപാതയിൽ വാഹനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് കെ.വി. വിജയദാസ് എം.എൽ.എ സ്ഥലത്തെത്തിയത്. റോഡിൽ തടഞ്ഞ ആംബുലൻ‍സ് കടത്തിവിടുകയും പൊലീസിനൊപ്പം ചേർന്ന് പ്രദേശത്ത് ജനങ്ങളെ എം.എൽ.എ നിയന്ത്രിക്കാൻ ശ്രമിച്ചതോടെയാണ് ഉന്തിലും തള്ളലിലും കലാശിച്ചത്. കെ.വി. വിജയദാസ് എം.എൽ.എ മോശമായി പെരുമാറിയതായും നാട്ടുകാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.