കുമരംപുത്തൂർ സി.എച്ച്.സിയിലെ ഒ.പി ബഹിഷ്കരണം: ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി

മണ്ണാർക്കാട്: കുമരംപുത്തൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ ഒ.പി നിർത്തലാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഡി.എം.ഒ ഡോ. റീത്ത ഹെൽത്ത് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ജില്ലയിലെ മറ്റു സി.എച്ച്.സികളിൽ കുമരംപുത്തൂർ സി.എച്ച്.സിയെക്കാൾ കുറഞ്ഞ എണ്ണം ഡോക്ടർമാരെവെച്ച് ഈവനിങ് ഒ.പി നടക്കുന്നുണ്ടെന്നാണ് ജില്ല മെഡിക്കൽ ഓഫിസർ പറയുന്നത്. എന്നാൽ, അമിത ജോലി ഭാരമെന്നാണ് സി.എച്ച്.സിയിലെ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. കുമരംപുത്തൂർ സി.എച്ച്.സിയിൽ കഴിഞ്ഞ കുറേ ദിവസമായി ഉച്ചക്കുശേഷമുള്ള ഒ.പി പ്രവർത്തിക്കുന്നില്ല. നേരത്തെ എൻ.ആർ.എച്ച്.എമ്മിലെ ഡോക്ടറുൾപ്പെടെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് ഉച്ചക്കുശേഷം രണ്ടുമുതൽ അഞ്ചുവരെയും ചില ദിവസങ്ങളിൽ ഏറെ വൈകിയും ഒ.പി പ്രവർത്തിച്ചിരുന്നു. എൻ.ആർ.എച്ച്.എം ഡോക്ടർ പോയതോടെയാണ് ഈവനിങ് ഒ.പി ഇല്ലാതായത്. സ്ഥിരം ഡോക്ടർമാർ ഈ ബാധ്യത ഏറ്റെടുക്കാൻ മടിക്കുകയായിരുന്നു. രോഗികളെ പരിശോധിക്കുന്നത് കൂടാതെ മെഡിക്കൽ ഓഫിസർക്ക് ഭരണപരമായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും മണ്ണാർക്കാട്, കുമരംപുത്തൂർ ഗ്രാമപഞ്ചായത്തുകളിലെ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ചുമതല വഹിക്കേണ്ടതിനാൽ സമയക്കുറവുള്ളതുകൊണ്ടുമാണ് ഈവനിങ് ഒ.പി നടക്കാതിരിക്കാൻ കാരണമെന്നാണ് മെഡിക്കൽ ഓഫിസറുടെ വിശദീകരണം. കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതോടെ മാത്രമേ പ്രശ്ന പരിഹാരമുണ്ടാവൂവെന്നാണ് ഡോക്ടർമാരുടെ നിലപാട്. എന്നാൽ, കുമരംപുത്തൂരിനോടൊപ്പം ആർദ്രം പദ്ധതിയുടെ ഭാഗമായി സി.എച്ച്.സിയായി ഉയർത്തിയ ശ്രീകൃഷ്ണപുരം, ഓങ്ങല്ലൂർ, അടക്കാപുത്തൂർ, ഒഴലപ്പതി, മങ്കര, കിഴക്കഞ്ചേരി എന്നിവിടങ്ങളിൽ എണ്ണത്തിൽ കുമരംപുത്തൂരിന് സമാനമായ ഡോക്ടർമാരാണുള്ളതെന്നും മൂന്ന് സി.എച്ച്.സികളിൽ മൂന്ന് ഡോക്ടർമാരെവെച്ചാണ് ഈവനിങ് ഒ.പി നടത്തുന്നതെന്നും ഡി.എം.ഒ പറഞ്ഞു. മെഡിക്കൽ ഓഫിസറോട് ഈവനിങ് ഒ.പി പുനരാരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഡോക്ടർമാർ തയാറാവാത്തതുകൊണ്ട് വിശദമായ റിപ്പോർട്ട് ഹെൽത്ത് ഡയറക്ടർക്ക് നൽകിയിട്ടുണ്ടെന്നും ഡി.എം.ഒ ഡോ. റീത്ത പറഞ്ഞു. ബുധനാഴ്ച ഡി.എം.ഒയുൾപ്പെടെയുള്ള ജില്ല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സി.എച്ച്.സി സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.