ആകാശവാണി കടൽ കടക്കുന്നു, ബ്രിജേഷി‍െൻറ പരിശ്രമത്താൽ

മഞ്ചേരി: മൂന്ന് കിലോവാട്ട് പരിധിയിൽ ഒതുങ്ങേണ്ട മഞ്ചേരി ആകാശവാണിയുടെയും പത്തുകിലോ വാട്ട് പരിധിയിൽ വരുന്ന കോഴിക്കോട് എഫ്.എം പരിപാടികളും മലയാളികളുള്ള നാട്ടിൽ മുഴുവനെത്തിക്കുകയാണ് പൂക്കോട്ടൂർ അറവങ്കര സ്വദേശി ഇ.പി. ബ്രിജേഷ്. ഒട്ടേറെ നല്ല പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ടെങ്കിലും അത് കേൾക്കാനാവാത്തവരേറെയുണ്ട്. ഇവർക്കുകൂടി വേണ്ടിയാണ് ഈ യത്നം. ഒരു ലാപ്ടോപ്, സെർവർ, ഇൻറർനെറ്റ് കണക്ഷൻ എന്നിവ ഉപയോഗിച്ചാണ് നെറ്റ് കണക്ഷൻ ലഭിക്കുന്ന ഏത് നാട്ടിലിരുന്നും ഇവ കേൾക്കാൻ ഇദ്ദേഹം സൗജന്യമായി വഴിയൊരുക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് മഞ്ചേരി എഫ്.എം ഡൗൺലോഡ് ചെയ്തെടുത്താൽ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പരിപാടികൾ കേൾക്കാം. ഒാട്ടോമാറ്റിക്കായി ഇവ സെർവർ വഴി സ്വീകരിച്ച് നെറ്റ് വഴി പ്രക്ഷേപണം ചെയ്യുകയാണിദ്ദേഹം. ലളിതവും ചെലവ് കുറഞ്ഞതുമായ ഈ സംവിധാനം ആകാശവാണിക്കും സ്വന്തമായി ചെയ്യാമെന്ന് ബ്രിജേഷ് പറയുന്നു. സംസ്ഥാനത്ത് തിരുവനന്തപുരത്ത് നിന്നുള്ള അനന്തപുരി എഫ്.എം മാത്രമാണ് ഇത്തരത്തിൽ ഒാൺലൈൻ വഴി പ്രക്ഷേപണം ചെയ്യുന്നത്. മഞ്ചേരി എൻ.എസ്.എസ് കോളജ്കുന്നിൽ സ്ഥിതിചെയ്യുന്ന മഞ്ചേരി നിലയം സിഗ്നൽ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് പൂർണമായി ലഭിക്കുന്നത്. മൂന്ന് കിലോവാട്ടാണ് ശേഷി. എന്നാൽ, പത്ത് കിലോവാട്ട് ശേഷിയുള്ള കോഴിക്കോട് നിലയം പരിപാടികൾ ഇത്തരത്തിൽ എല്ലായിടത്തും ലഭിക്കുന്നില്ല. മഞ്ചേരി ആകാശവാണിയിലേക്ക് സൗദി അറേബ്യയിൽ നിന്നടക്കം കത്തുകൾ വന്നതോടെയാണ് കടൽ കടന്നും ശ്രോതാക്കളുണ്ടെന്ന് തിരിച്ചറിഞ്ഞത്. ജല അതോറിറ്റി മലപ്പുറം ഒാഫിസിൽ ജീവനക്കാരനാണ് ബ്രിജേഷ് പൂക്കോട്ടൂർ. കഴിഞ്ഞദിവസം ആകാശവാണി ശ്രോതാക്കളുടെ സൗഹൃദസംഗമത്തിൽ ബ്രിജേഷിന് എം. ഉമ്മർ എം.എൽ.എ ഉപഹാരം നൽകി. മഞ്ചേരി പ്രോഗ്രാം മേധാവി ഡി. പ്രദീപ്കുമാറും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.