വേട്ടേക്കോട് ഇൻസിനറേറ്ററിന് ചെലവിട്ട ലക്ഷങ്ങൾ വെള്ളത്തിൽ; മാലിന്യം കത്തിക്കുന്നത് ഇപ്പോഴും തെരുവിൽ

മഞ്ചേരി: വേട്ടേക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ മുൻഭരണസമിതിയുടെ കാലത്ത് നിർമിച്ച ഇൻസിനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു. വൻ തുക മുടക്കി സ്ഥാപിച്ച സംവിധാനം ഒരു ദിവസം പോലും ഉപയോഗിക്കാനായിട്ടില്ല. 17 ലക്ഷം മുടക്കിയാണ് യന്ത്രസംവിധാനത്തിനുള്ള വസ്തുക്കള്‍ എത്തിച്ചത്. ഇത് കൊണ്ടുവന്നിട്ട ചെന്നൈ കേന്ദ്രമായ കമ്പനി പിന്നീട് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാന്‍ കൂട്ടാക്കിയില്ല. പലതരം ഒഴിവുകള്‍ പറഞ്ഞ് മാറി. അതിനിടയില്‍ വേട്ടേക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ മാലിന്യം തള്ളുന്നതിനെതിരെ തദ്ദേശീയര്‍ സംഘടിച്ച് സമരം തുടങ്ങിയതോടെ പൂർണമായും ആധുനിക രീതിയില്‍ ഇത് സ്ഥാപിക്കല്‍ നിർബന്ധമായി വന്നു. യന്ത്രസാമഗ്രികള്‍ ഇറക്കിയ കമ്പനിയെ തേടിപ്പിടിച്ച് തൊഴിലാളികളെ മഞ്ചേരിയില്‍ കൊണ്ടുവന്ന് ആഴ്ചകളോളം പണി നടത്തി സംവിധാനം പൂര്‍ത്തിയാക്കിയതാണ്. പരീക്ഷണാര്‍ഥത്തില്‍ മാലിന്യം സംസ്കരിക്കാന്‍ തുടങ്ങിയ ആദ്യദിനം തന്നെ ഉയരത്തില്‍ സ്ഥാപിച്ച കുഴലിലൂടെ പുക പുറത്തേക്ക് പോകുന്നതിന് പകരം മാലിന്യം കത്തിച്ചിടത്ത് തന്നെ വ്യാപിച്ചു. സിമൻറും മറ്റും ഉപയോഗിച്ച് ദ്വാരങ്ങള്‍ അടച്ച് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാതിവഴിയില്‍ നിന്നു. അതിനിടെ വേട്ടേക്കോട് മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമീപവാസികള്‍ സമരത്തിനിറങ്ങി. ഇത് മറയാക്കി ലക്ഷങ്ങള്‍ മുടക്കിയ പദ്ധതി പാതിവഴിക്കിട്ട് നഗരസഭ പിന്‍വാങ്ങുകയായിരുന്നു. മുന്‍ നഗരസഭ ഭരണസമിതിയുടെ കാലത്ത് തയാറാക്കിയതാണ് മാലിന്യസംസ്കരണ പദ്ധതി. വേട്ടേക്കോട് പ്ലാൻറിൽ കൊണ്ടുവന്ന് കൂട്ടിയിട്ട മാലിന്യം സമീപപ്രദേശങ്ങളിലുള്ളവരുടെ സ്വസ്ഥ ജീവിതത്തെ ബാധിച്ചപ്പോഴാണ് ജനങ്ങള്‍ നഗരസഭക്കെതിരെ ഹൈകോടതിയെ സമീപിച്ചത്. പിന്നീട് കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കാനുള്ള പദ്ധതി നഗരസഭയോട് തയാറാക്കാനും മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊലീസ് എന്നീ ഏജന്‍സികളുടെകൂടി പങ്കാളിത്തത്തോടെ നടപ്പാക്കാനും തീരുമാനിച്ചു. എന്നാല്‍ ഇത് ഇപ്പോഴും കടലാസിലാണ്. അതേസമയം, ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കാൻ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ സമരസമിതിയുടെയും പ്രദേശത്തെ ചിലരുടെയും താല്‍പര്യങ്ങളുടെ പേരില്‍ പ്രവൃത്തി നടത്താന്‍ അനുവദിക്കാതെ എതിര്‍ക്കുകയായിരുന്നുവെന്നും പദ്ധതി എവിടെയുമെത്താതിരിക്കാന്‍ അതാണ് കാരണമെന്നും പറയുന്നു. വേട്ടേക്കോട് ഇപ്പോള്‍ മാലിന്യം തള്ളുന്നില്ല. നഗരത്തില്‍ കച്ചവടക്കാരും മറ്റും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യമടക്കം നഗരസഭയുടെ തൊഴിലാളികൾ അവിടെത്തന്നെയിട്ട് കത്തിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.