പ്രകൃതിപഠനത്തി​െൻറ പേരില്‍ തട്ടിപ്പ്: യുവാവ് പിടിയില്‍

എടക്കര: പ്രകൃതിപഠനത്തി​െൻറ പേരില്‍ വിദ്യാര്‍ഥികളില്‍നിന്ന് പണവും രേഖകളും കൈപറ്റി കബളിപ്പിച്ചെന്ന പരാതിയില്‍ മഞ്ചേരി മേലാക്കം സ്വദേശി കോലോത്തുംതൊടി അജ്മലിനെ എടക്കര സി.ഐ സുനില്‍ പുളിക്കല്‍ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ വള്ളുവശ്ശേരി വനത്തിനകത്ത് പൂച്ചക്കുത്ത് അള പ്രകൃതിപഠന സ​െൻററില്‍ 'കാടരങ്ങ്' എന്ന് പേരിട്ടാണ് ഇയാള്‍ ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നത്. വിവിധ കോളജുകളില്‍ നിന്നുള്ള എന്‍.എസ്.എസ്, പ്രകൃതി ക്ലബ് അംഗങ്ങളെ സംഘടിപ്പിച്ചാണ് ക്യാമ്പ് ഒരുക്കുന്നത്. പ്രകൃതി പഠനത്തി​െൻറ പേരില്‍ കാടരങ്ങ് പരിപാടി സംഘടിപ്പിച്ച് പണവും രേഖകളും കൈപറ്റി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ കബളിപ്പിച്ചെന്ന് കാണിച്ച് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികള്‍ എടക്കര പൊലീസില്‍ നല്‍കിയ പരാതിയിലാണ് പിടിയിലായത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കാടരങ്ങ് എന്ന പേരില്‍ പ്രകൃതി പഠനവും കാര്‍ഷിക, വന സാംസ്കാരികോത്സവം എന്നിവ നടത്തുന്നതിനിടെയാണ് പൊലീസ് നടപടി. ഐ.ബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തഹസില്‍ദാറെ ഭീഷണിപ്പെടുത്തി പണം കൈപറ്റിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് മിത്രജ്യോതി കേരളയുടെ ലേബലില്‍ പ്രകൃതി പഠനക്യാമ്പുകള്‍ നടത്തിവരുന്നതെന്ന് പൊലീസ് പറഞ്ഞു. പൂര്‍വചരിത്രം പരിശോധിക്കാതെയാണ് ഇയാളുടെ അഭ്യര്‍ഥന പ്രകാരം കോളജ് അധികൃതര്‍ കുട്ടികളെ ക്യാമ്പിലേക്ക് അയക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള മുന്നൂറോളം വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച നിലമ്പൂരിലത്തെിയത്. എന്നാല്‍, ഇത്രയും കുട്ടികള്‍ക്ക് താമസിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ സൗകര്യമില്ലാത്തതിനാല്‍ പല കുട്ടികളും ശനിയാഴ്ച രാവിലെ മടങ്ങി. ഗുരുവായൂരപ്പന്‍ കോളജ് വിദ്യാര്‍ഥികള്‍ പണം തിരിച്ച് ചോദിച്ചപ്പോള്‍ നല്‍കാന്‍ വിസമ്മതിക്കുകയും പിന്നീട് മറ്റൊരു തീയതി പറഞ്ഞ് രക്ഷപ്പെടാനും ശ്രമിച്ചു. ഇതിനിടെയാണ് ഇയാളുടെ പേരിൽ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് കേസുകളുള്ളതായി വിദ്യാര്‍ഥികള്‍ മനസ്സിലാക്കിയതും പരാതിയുമായി രംഗത്തുവരാന്‍ തയാറായതും. ഓരോ കുട്ടികളില്‍ നിന്നും 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നത്. വനയാത്ര, ട്രക്കിങ് തുടങ്ങി നിരവധി കാര്യങ്ങളില്‍ താല്‍പര്യമെടുത്താണ് കുട്ടികളില്‍ പലരും ക്യാമ്പില്‍ പങ്കെടുത്തത്. മാവോവാദി അനുകൂല പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവരുന്നതിനാല്‍ ഇയാള്‍ക്കെതിരെ പൊലീസ് നിരീക്ഷണവും ഉണ്ടായിരുന്നു. ഐ.പി.സി 420 വകുപ്പ് ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.