ചെയർമാൻ പദവിക്ക് സമ്മർദം ചെലുത്താതെ നേതൃത്വം; നാഥനില്ലാതെ തിരൂർ ​െഡവലപ്മെൻറ് ഫോറം

തിരൂർ: നഗര വികസനം ചൂണ്ടിക്കാട്ടി തിരൂരിൽ രൂപവത്കരിച്ച തിരൂർ െഡവലപ്മ​െൻറ് ഫോറത്തിന് (ടി.ഡി.എഫ്) നഗരസഭ ഭരണത്തിലെത്തിയ ശേഷം നാഥനില്ലാതായി. ഇടതു മുന്നണിയുമായി ചേർന്ന് ടി.ഡി.എഫ് അധികാരത്തിലെത്തി രണ്ടര വർഷമായിട്ടും കൗൺസിലർമാരുടെ പ്രവർത്തനം വിലയിരുത്താൻ പോലും യോഗം ചേർന്നിട്ടില്ല. മുൻ ധാരണ പ്രകാരം സംഘടന പ്രതിനിധിക്ക് ലഭിക്കേണ്ട നഗരസഭ ചെയർമാൻ പദവിക്ക് ഇടതു മുന്നണിയിൽ സമ്മർദം ചെലുത്താൻ പോലും നേതൃത്വമില്ലാത്ത അവസ്ഥയാണ്. നഗരസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ കരാറനുസരിച്ച് രണ്ട് വർഷത്തിന് ശേഷം ചെയർമാൻ പദവി ടി.ഡി.എഫ് പ്രതിനിധിക്കുള്ളതാണ്. കഴിഞ്ഞ നവംബറിലാണ് രണ്ട് വർഷം പൂർത്തിയായത്. അന്ന് പാർട്ടി സമ്മേളനം ചൂണ്ടിക്കാട്ടി സി.പി.എം ചെയർമാൻ പദവി വെച്ചുമാറ്റം വൈകിപ്പിച്ചു. പിന്നീട് ടി.ഡി.എഫ് പ്രതിനിധി നാജിറ അഷ്റഫ് വിദേശത്തേക്ക് പോയതിനാൽ അത് കാരണമായി ചൂണ്ടിക്കാട്ടി. നാജിറ തിരിച്ചെത്തി രണ്ട് മാസമാകാനായിട്ടും പദവി കൈമാറ്റത്തിന് സി.പി.എം തയാറായിട്ടില്ല. ഇതു ചൂണ്ടിക്കാട്ടി സി.പി.എമ്മിലോ മുന്നണിയിലോ സമ്മർദം ചെലുത്താൻ ടി.ഡി.എഫ് നേതൃത്വം മുന്നിട്ടിറങ്ങിയിട്ടുമില്ല. അതിനാലാണ് പദവി കൈമാറ്റം വൈകുന്നതെന്ന ആക്ഷേപം ടി.ഡി.എഫ് കൗൺസിലർമാർക്കിടയിലുണ്ട്. കഴിഞ്ഞ നവംബറിൽ നിലവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായ ടി.ഡി.എഫ് പ്രതിനിധി കെ. ബാവ പദവി കൈമാറ്റം ആവശ്യപ്പെട്ട് സി.പി.എം ജില്ല നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതു നടപ്പാക്കണമെന്ന് ഏരിയ കമ്മിറ്റിക്ക് ജില്ല നേതൃത്വം നിർദേശം നൽകി. അപ്പോഴായിരുന്നു പാർട്ടി സമ്മേളനം ചൂണ്ടിക്കാട്ടിയത്. പിന്നീട് ടി.ഡി.എഫ് രേഖാമൂലമോ പാർട്ടി തലത്തിലോ ഒരു ഇടപെടലും നടത്തിയിട്ടില്ല. സംഘടന യോഗം ചേരുന്നുമില്ല. ടി.ഡി.എഫ് ചെയർമാൻ വി. അബ്ദുറഹ്മാൻ എം.എൽ.എയും കൺവീനർ ഗഫൂർ പി. ലില്ലിസുമാണ്. താനൂരിൽ നിന്ന് ഇടത് സ്വതന്ത്രനായി വി. അബ്ദുറഹ്മാൻ എം.എൽ.എയായി. ഗഫൂർ പി. ലില്ലിസ് തിരൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തു. ഇതിലൂടെ ഇരുവരും സി.പി.എം സഹയാത്രികരായതോടെ ടി.ഡി.എഫിനെ കൈവിട്ടുവെന്ന ആക്ഷേപം കൗൺസിലർമാർക്കുണ്ട്. ഇവരെ ഉപയോഗപ്പെടുത്തി ചെയർമാൻ പദവിയെന്ന ആവശ്യത്തിൽ നിന്ന് ടി.ഡി.എഫിനെ പിന്തിരിപ്പിക്കാൻ സി.പി.എം നേതാക്കൾ ശ്രമം നടത്തുന്നുണ്ട്. എന്നാൽ ചെയർമാൻ പദവി ലഭിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിൻമാറാൻ കൗൺസിലർമാർ തയാറാല്ല. സി.പി.എമ്മിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കൗൺസിൽ സ്ഥാനം രാജിവെക്കുന്നതുൾെപ്പടെ അവർ ആലോചിക്കുന്നുണ്ട്. തങ്ങൾക്ക് ലഭിക്കേണ്ട ആറ് മാസം ഇതിനകം നഷ്ടമായതിനാൽ ‍അതിനനുസരിച്ച കാലയളവ് സ്ഥാനം നൽകുമ്പോൾ അനുവദിക്കണമെന്ന ആവശ്യവും ഇവർക്കുണ്ട്. ആദ്യ രണ്ട് വർഷവും അവസാനത്തെ ഒരു വർഷവും സി.പി.എം പ്രതിനിധിയും ഇടക്കുള്ള രണ്ട് വർഷം ടി.ഡി.എഫ് പ്രതിനിധിയും ചെയർമാനാകുക എന്നതാണ് ധാരണ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.