വയോധികയുടെ മൃതദേഹം ഖബറടക്കിയില്ല; വനിതാ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: വയോധികയുടെ മൃതദേഹം ഖബറടക്കാൻ വിസമ്മതിച്ച് അനാദരവ് കാട്ടിയ കൊല്ലം തട്ടാമല മുസ്ലിം ജമാഅത്ത് കമ്മിറ്റിക്കെതിരായ പരാതിയിൽ കേരള വനിതാ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം വടക്കേവിള പാലത്തറ ബ്രാഹ്മണൻതറ വീട്ടിൽ 95കാരിയായ ഖദീജാബീവിയുടെ മൃതദേഹമാണ് ഖബറടക്കാൻ ജമാഅത്ത് കമ്മിറ്റി വിസമ്മതിച്ചത്. ഇതുസംബന്ധിച്ച് ജമാഅത്ത് സെക്രട്ടറി നൽകിയ പ്രാഥമിക വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് അന്വേഷണത്തിന് കമീഷൻ അംഗം ഷാഹിദാ കമാൽ ഉത്തരവിട്ടത്. പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം സിറ്റി പൊലീസ് കമീഷണർ, ആർ.ഡി.ഒ, വഖഫ് ബോർഡ് തിരുവനന്തപുരം ഡിവിഷനൽ ഓഫിസർ എന്നിവർക്ക് കത്ത് നൽകാനും നിർദേശിച്ചിട്ടുണ്ട്. ആർ.ഡി.ഒയുടെ അന്വേഷണം തഹസിൽദാർ പദവിയിലുള്ള ഉദ്യോഗസ്ഥൻ മുഖേനയാണ് നടത്തേണ്ടത്. കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് ഖദീജാബീവിയുടെ മരണം. മരിച്ച ഖദീജാബീവിയും മക്കളും തട്ടാമല ജമാഅത്ത് അംഗങ്ങളാണ്. ഖദീജാബീവിയുടെ ഭർത്താവ് 60 വർഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന് അംഗത്വമുണ്ടായിരുന്ന പുനുക്കന്നൂരിൽനിന്ന് അനുവാദം ലഭിച്ചാലേ ഖബറടക്കാൻ കഴിയൂ എന്നാണ് ആദ്യം പറഞ്ഞത്. ഇതുപ്രകാരമുള്ള പത്രിക ഹാജരാക്കിയെങ്കിലും ജമാഅത്ത് സെക്രട്ടറി അനുവാദം നൽകിയില്ല. ഇരവിപുരം പൊലീസ് ഇടപെട്ട് ചർച്ച നടത്തിയെങ്കിലും ജമാഅത്ത് കമ്മിറ്റി വിസമ്മതം തുടർന്നു. രാവിലെ പത്തിന് ഖബറടക്കം നിശ്ചയിച്ച് ബന്ധുക്കളെല്ലാം എത്തിയെങ്കിലും അനിശ്ചിതത്വം തുടർന്നു. വൈകീേട്ടാടെ ബന്ധുക്കളുടെ വിഷമസ്ഥിതി മനസ്സിലാക്കി കിളികൊല്ലൂർ കിഴക്കേക്കര ജമാഅത്ത് സൗകര്യം അനുവദിക്കുകയും രാത്രി ഏഴരയോടെ ഖബറടക്കം നടക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.