ഹജ്ജ്​: അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കുന്നവരുടെ എണ്ണം വർധിക്കുന്നു

കൊണ്ടോട്ടി: സംസ്ഥാനത്ത് ഹജ്ജിന് അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കുന്നവരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ച 1300 പേരാണ് വിവിധ കാരണങ്ങളെ തുടർന്ന് യാത്ര റദ്ദാക്കിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളമാണ് ഇത്തവണ റദ്ദാക്കിയവരുടെ എണ്ണം. കഴിഞ്ഞ വർഷം 700 പേരും 2016ൽ 800 പേരുമാണ് യാത്ര റദ്ദാക്കിയത്. മുൻവർഷങ്ങളിൽ ശരാശരി 700-800 പേരാണ് അവസരം ലഭിച്ചതിന് ശേഷം യാത്ര റദ്ദാക്കാറ്. പുതിയ ഹജ്ജ് നയത്തിലെ മാറ്റങ്ങളാണ് വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. നേരത്തെ, തുടർച്ചയായി അഞ്ചുവർഷം അപേക്ഷിക്കുേമ്പാഴാണ് അവസരം ലഭിച്ചിരുന്നത്. ഇൗ സമയപരിധി കണക്കാക്കിയാണ് അപേക്ഷകർ സാമ്പത്തികമായും ഒരുങ്ങിയിരുന്നത്. അഞ്ചാംവർഷ അപേക്ഷകർക്കുള്ള മുൻഗണന പുതിയ ഹജ്ജ് നയപ്രകാരം ഒഴിവാക്കി. ഇതോടെ 70 വയസ്സിന് മുകളിലും മഹ്റം വിഭാഗത്തിലും അപേക്ഷ നൽകുന്നവർക്ക് നേരിട്ട് അവസരം ലഭിക്കും. ബാക്കിയുള്ളവരെ മുഴുവൻ ജനറൽ വിഭാഗത്തിലാണ് പരിഗണിക്കുക. ഇക്കുറി കേരളത്തിൽനിന്ന് 69,783 അപേക്ഷയാണ് ലഭിച്ചത്. സംസ്ഥാനത്തിന് ഇൗ വർഷം അനുവദിച്ച ക്വോട്ട 10,981 ആണ്. 70 വയസ്സ് കഴിഞ്ഞവരും അവരുടെ സഹായികളുമായി 1,270 പേർക്കും മഹ്റം ഇല്ലാത്ത 1,124 സ്ത്രീകൾക്കും നറുക്കെടുപ്പ് ഇല്ല. ഇവർക്കുള്ള 2394 സീറ്റ് ഒഴിച്ച് ബാക്കി 8587 തീർഥാടകെരയാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്. ഇവരിൽനിന്നാണ് ഇത്രയും റദ്ദാക്കിയത്. റദ്ദാക്കിയവർക്ക് പകരം കാത്തിരിപ്പ് പട്ടികയിൽനിന്ന് 1,300 പേർക്ക് കഴിഞ്ഞ ദിവസം കേന്ദ്ര ഹജ്ജ് കമ്മിറ്റി അവസരം നൽകി. അന്തിമ കണക്ക് വരുേമ്പാൾ കൂടുതൽ പേർ യാത്ര റദ്ദാക്കുമെന്നാണ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.