നഗരസഭയും ജല അതോറിറ്റിയും തർക്കത്തിൽ; പൈപ്പിടൽ അനിശ്ചിതത്വത്തിൽ

അമ്പലപ്പാറ കുടിവെള്ള പദ്ധതിക്ക് ഇരുട്ടടി ഒറ്റപ്പാലം: റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടുന്നതുമായി ബന്ധപ്പെട്ട് നഗരസഭയും ജലഅതോറിറ്റിയും തമ്മിൽ നിലനിൽക്കുന്ന നഷ്ടപരിഹാര തുക സംബന്ധിച്ച തർക്കം അമ്പലപ്പാറ കുടിവെള്ള പദ്ധതിക്ക് ഇരുട്ടടിയാകുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ അമ്പലപ്പാറ പഞ്ചായത്തിലേക്ക് നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിയിൽനിന്ന് വെള്ളം നൽകാനുള്ള നീക്കമാണ് ഇതോടെ പ്രതിസന്ധിയിലായത്. നഗരസഭയുടെ കയറമ്പാറയിലെ സമഗ്ര കുടിവെള്ള പ്ലാൻറുമായി ബന്ധിപ്പിക്കുന്നതിന് റോഡ് മുറിച്ച് പൈപ്പിടേണ്ടതുണ്ട്. റോഡ് കീറി പൈപ്പിട്ടശേഷം പൂർവ സ്ഥിതിയിലാക്കണമെങ്കിൽ 49.80 ലക്ഷം രൂപ കെട്ടിവെക്കണമെന്ന നഗരസഭയുടെ നിർദേശം ജലഅതോറിറ്റിക്ക് സ്വീകാര്യമല്ലാത്തതാണ് പ്രശ്നം. മുഴുവൻ തുക ഒരുമിച്ച് കെട്ടിവെക്കാനില്ലെങ്കിൽ ഗഡുക്കളായി അടക്കുന്നതിന് അവസരം നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ജല അതോറിറ്റിയിൽനിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നാണ് നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി പറയുന്നത്. അതേസമയം, നഗരസഭ ആദ്യം അടക്കാൻ നിർദേശിച്ചിരുന്ന 12 ലക്ഷം രൂപ കെട്ടിവെക്കാൻ തയാറാണെന്ന നിലപാടിലാണ് ജല അതോറിറ്റി അധികൃതർ പറയുന്നു. വലിയ പൈപ്പുകളിടുന്നതിന് കൂടുതൽ വിസ്തൃതിയിൽ റോഡ് വെട്ടിപ്പൊളിക്കേണ്ടിവരുമെന്നതിനാൽ ചെലവ് കൂടുമെന്ന നിലപാടിലാണ് നഗരസഭ. അമ്പലപ്പാറ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഭാരതപ്പുഴ കേന്ദ്രീകരിച്ച് പ്രത്യേകം പ്ലാൻറ് സ്ഥാപിക്കാനിരിക്കയാണ്. അമ്പലപ്പാറ പഞ്ചായത്ത് കുടിവെള്ള പദ്ധതി പൂർത്തിയാക്കുന്നതിലെ കാലതാമസം പരിഗണിച്ച് താൽക്കാലികമായി നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിയിൽനിന്ന് പഞ്ചായത്തിലേക്ക് വെള്ളം പങ്കിടാമെന്ന തീരുമാനമാനമാണെടുത്തിട്ടുള്ളത്. ഭാരതപ്പുഴയിൽനിന്ന് വെള്ളമെത്തിക്കുന്നതിന് പച്ചിലക്കുണ്ട് പ്രദേശത്ത് സ്ഥാപിക്കുന്ന കൂറ്റൻ ജലസംഭരണിയുടെ നിർമാണം ഭൂരിഭാഗവും പൂർത്തിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.