100 ദിവസം പിന്നിട്ടിട്ടും കെടാതെ ഇൗ സമരത്തീ

കൊല്ലങ്കോട്: ഈ സമരം നടക്കുന്നത് തിരുവനന്തപുരത്തെ സെക്രേട്ടറിയറ്റ് പടിക്കലോ, മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലോ അല്ലാത്തതിനാൽ അധികാരികളുടെയും സാമൂഹിക പ്രവർത്തകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പതിഞ്ഞിട്ടില്ല. എന്നാൽ, ഇതൊന്നും സമരക്കാരുടെ ആത്മവീര്യത്തെ കെടുത്തുന്നില്ലെന്ന് മാത്രമല്ല, ആവേശം കൂടുകയുമാണ്. കൊല്ലങ്കോട് രണ്ട് വില്ലേജ് ഓഫിസിന് മുന്നിൽ എരവാളൻ സമുദായം നടത്തുന്ന കുടിൽകെട്ടി രാപകൽ സമരമാണ് വെള്ളിയാഴ്ച 100 ദിവസം പിന്നിടുന്നത്. പട്ടികജാതി-വർഗ പദവി എടുത്തുമാറ്റുകയും ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുകയും ചെയ്തതിനെ തുടർന്നാണ് എരവാളൻ സമുദായം സമരവുമായി രംഗത്തെത്തിയത്. ഡിസംബർ 27നാണ് സമരം ആരംഭിച്ചത്. കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന എരവാളർ സമുദായത്തിൽപെട്ട 310 കുടുംബങ്ങളാണ് രംഗത്തുള്ളത്. പത്തിലധികം പേർ വീതമാണ് ദിനംപ്രതി പങ്കെടുക്കുന്നത്. സ്ഥലം എം.എൽ.എ കെ. ബാബു ദിവസങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. 2008ൽ കിർത്താർഡ്സ് നടത്തിയ പഠനത്തെ തുടർന്നാണ് എരവാളൻ വിഭാഗത്തിന് പട്ടികവർഗ പദവി നഷ്ടപ്പെട്ടത്. സമരത്തെ തുടർന്ന് രണ്ടാമതും പഠനം നടത്തിയ കിർത്താർഡ്സ് റിപ്പോർട്ട് നൽകിയിട്ടില്ല. ജാതി സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനെ തുടർന്ന് ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളും വിദ്യാർഥികളും പ്രതിസന്ധിയിലാണ്. പി.എസ്.സി പട്ടികയിൽ ഉൾപ്പെട്ട 16ഓളം പേർക്ക് ജോലിയിൽ പ്രവേശിക്കാനാവില്ല. സ്കൂൾ, ഹോസ്റ്റൽ പ്രവേശനം, സ്കോളർഷിപ്പുകൾ എന്നിവയും മുടങ്ങി. കെ. ബാബു എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായി കിർത്താർഡ്സി‍​െൻറ പഠന റിപ്പോർട്ടിന് മൂന്നുമാസം വേണമെന്നാണ് മന്ത്രി എ.കെ. ബാലൻ പറഞ്ഞത്. പട്ടികവർഗ സർട്ടിഫിക്കറ്റ് സർക്കാർ ഉടൻ അനുവദിച്ചില്ലെങ്കിൽ തിരുവനന്തപുരത്തേക്ക് സമരം വ്യാപിപ്പിക്കുമെന്ന് നേതൃത്വം നൽകുന്ന രാജു, മണികണ്ഠൻ, കനകം എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.