കാക്കിയണിയാൻ കാടി​െൻറ മക്കൾ

ആറുമാസംകൊണ്ട് നിയമനം നൽകി പി.എസ്.സി മലപ്പുറം: പ്രത്യേക നിയമനത്തിലൂടെ ജില്ലയിൽ 11 ആദിവാസികൾ ഇനി കാക്കിയണിയും. ആഭ്യന്തരവകുപ്പി​െൻറ നിർദേശപ്രകാരം പൊലീസ്, എക്സൈസ് വകുപ്പുകളിലാണ് പി.എസ്.സി പ്രത്യേക നിയമനം നടത്തിയത്. നിലമ്പൂർ, കാളികാവ്, അരീക്കോട് ബ്ലോക്കുകളിലെ ഗോത്രവർഗത്തിൽപ്പെട്ട കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കാണ് സർക്കാർ ജോലി നൽകിയത്. നാലുപേർ വീതം വനിത, പുരുഷ സിവിൽ പൊലീസ് ഒാഫിസർമാരും മൂന്നുപേർ സിവിൽ എക്സൈസ് ഒാഫിസർമാരുമാണ്. അതത് വനപ്രദേശത്ത് തന്നെയാകും ഇവരുടെ നിയമനം. ഇതുസംബന്ധിച്ച നിയമന ഉത്തരവ് വ്യാഴാഴ്ച ജില്ല പി.എസ്.സി ഒാഫിസർ ടി.െക. ജോസഫ് ഉദ്യോഗാർഥികൾക്ക് നേരിട്ട് കൈമാറി. അപേക്ഷിച്ച് ആറുമാസംകൊണ്ട് നിയമനം നൽകുന്നത് പി.എസ്.സിയുടെ ചരിത്രത്തിൽ ആദ്യമാണ്. സംസ്ഥാനത്താകെ 100 ആദിവാസികൾക്കാണ് സർക്കാർ ഇത്തരത്തിൽ ജോലി നൽകിയത്. വിജ്ഞാപനം വന്നപ്പോൾ ജില്ലയിൽ ആദ്യം നിലമ്പൂർ ബ്ലോക്കിലുള്ളവരെയാണ് പരിഗണിച്ചതെങ്കിലും കാളികാവ്, അരീക്കോട് ബ്ലോക്കുകളിലും ഗോത്രവർഗത്തിൽപ്പെട്ടവരുള്ളതിനാൽ അവരെയും ഉൾപ്പെടുത്തുകയായിരുന്നു. ആറുമാസം സമയമാണ് അപേക്ഷിക്കാനായി നൽകിയത്. 2017 ഏപ്രിലിലാണ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത്. മുന്നൂറോളം അപേക്ഷകൾ ലഭിച്ചതിൽ 230 പേർ കായികക്ഷമത പരീക്ഷയിൽ വിജയിച്ചു. ഫെബ്രുവരിയിൽ അഭിമുഖം നടത്തിയാണ് 11 പേരെ തെരഞ്ഞെടുത്തത്. നിലമ്പൂരിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഉപകേന്ദ്രത്തിൽ െഎ.പി.എസ്, എക്സൈസ് ഉദ്യോഗസ്ഥരുടെയും പി.എസ്.സി അംഗങ്ങളുടെയും നേതൃത്വത്തിൽ മൂന്ന് ദിവസമാണ് അഭിമുഖം നടന്നത്. മാർച്ച് 21ന് റാങ്ക് ലിസ്റ്റ് തയാറാക്കി 26ന് നിയമന ശിപാർശ നൽകി. നിയമനം ലഭിച്ചതിൽ ഒരാൾ നെറ്റ് യോഗ്യതയുള്ളയാളും നാലുപേർ ബിരുദധാരികളുമാണ്. അതത് വകുപ്പുകളിലെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായ ശേഷം ഇവർക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.