ഓർമകളോടിക്കളിച്ച മുറ്റത്ത് പെയ്തുതോരാതെ ഷഹബാസ്

മലപ്പുറം: മീനച്ചൂടിൽ വെന്തുരുകിയ പകലിനൊടുവിൽ വന്നുമൂടി‍യ കാർമേഘങ്ങൾ മണ്ണിലിറങ്ങാൻ മടിച്ചുനിൽക്കെ വാക്കുകളും വരികളുമായി ആസ്വാദക ഹൃദയങ്ങളിൽ കുളിർമഴ പെയ്യിച്ച് ഷഹബാസ് അമൻ. മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഷഹബാസിന് ജന്മനാടൊരുക്കിയ 'പ്രിയ പാട്ടുകാരന് മലപ്പുറത്തി​െൻറ സ്നേഹം' പരിപാടി അരങ്ങേറിയത് അദ്ദേഹം കളിച്ചുവളർന്ന ടൗൺഹാൾ മുറ്റത്തുതന്നെയാണ്. കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും ബാല്യകാല സുഹൃത്തുക്കൾക്കും മുന്നിൽ കുറച്ചുനേരം അവരുടെ പഴയ റാഫിയായി ഷഹബാസ് ഓർമകളിലേക്ക് തിരിച്ചുനടന്നു. സ്നേഹത്തിനുള്ള നന്ദിപ്രകടനമായി വിഖ്യാതരുടെ ഗസലുകളടക്കം പഴയതും പുതിയതുമായ ഒരുപിടി ഗാനങ്ങളുടെ വിരുന്നും പ്രിയ ഗായകനൊരുക്കി. ആദ്യമായി വായിച്ച ഹാർമോണിയം മുന്നിൽവെച്ച് ഉമ്മ കുഞ്ഞിപ്പാത്തുവിനെയും ഗുരു ഗഫൂറിനെയും അരികിലിരുത്തിയായിരുന്നു ആലാപനം. പ്രിയപ്പെട്ടവർ ആശിർവദിച്ച് സംസാരിച്ചു. ഉപഹാരം ഉമ്മയും ഗുരുവും ചേർന്ന് കൈമാറി. മധു ജനാർദനൻ ആമുഖഭാഷണം നിർവഹിച്ചു. ഉപ്പൂടൻ ഷൗക്കത്ത്, ഹാരിസ് ആമി‍യൻ, വാളൻ സമീർ, റഫീഖ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.