പാലക്കാട് നഗരസഭയിലെ ബി.ജെ.പി ദുർഭരണം അവസാനിപ്പിക്കാൻ സഹകരിക്കുമെന്ന് മുസ്​ലിം ലീഗ്

പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള ജനവിരുദ്ധ ഭരണം അവസാനിപ്പിക്കാൻ ആര് മുൻകൈ എടുത്താലും മുസ്ലിം ലീഗ് പൂർണമായി സഹകരിക്കുമെന്ന് ജില്ല മുസ്്ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. ജില്ല പ്രസിഡൻറ് കളത്തിൽ അബ്്ദുല്ലയുടെ അധ്യക്ഷതയിൽ കൂടിയ ജില്ല പ്രവർത്തക സമിതി യോഗം സംസ്ഥാന വൈസ്പ്രസിഡൻറ് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദുർഭരണം പാലക്കാട് മുനിസിപ്പാലിറ്റിയിൽ അവസാനിപ്പിക്കുന്ന കാര്യത്തിൽ സി.പി.എം അടക്കം കക്ഷികൾ നിലപാട് വ്യക്തമാക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഴിമതിയിൽ മുങ്ങിയ ഭരണത്തിൽ നഗരവികസനം പാടെ മുരടിച്ചിരിക്കുകയാണ്. ബി.ജെ.പിയിൽ ഉടലെടുത്ത ഗ്രൂപ്പിസവും സ്വജനപക്ഷപാതവും ചില വ്യക്തികളുടെ ഏകാധിപത്യ ഭരണത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും മികച്ച നഗരസഭയായി ഉയർന്നുവന്നിരുന്ന പാലക്കാടി​െൻറ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ല നിരീക്ഷകനായ സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. മേയ് ഒന്ന് മുതൽ അഞ്ചുവരെ നടക്കുന്ന ജില്ല മുസ്ലിം യൂത്ത് ലീഗ് സമ്പൂർണ സമ്മേളനം വിജയിപ്പിക്കാൻ യോഗം പദ്ധതികൾ ആവിഷ്കരിച്ചു. ജില്ല മുസ്ലിം ലീഗ് ദ്വിദിന ക്യാമ്പിലെടുത്ത സംഘടന കർമരേഖ സമയബന്ധിതമായി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം ഏപ്രിൽ അവസാനത്തിൽ പാലക്കാടുവെച്ച് നടത്താൻ തീരുമാനിച്ചു. ദലിത്-ന്യൂനപക്ഷ വേട്ടക്കെതിരെ ഏപ്രിൽ 22ന് ദലിത്ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം സ്വാഗതവും ട്രഷറർ പി.എ. തങ്ങൾ നന്ദിയും പറഞ്ഞു. ജില്ല ലീഗ് ഭാരവാഹികളായ എം.എം. ഹമീദ്, എൻ. ഹംസ, യു. ഹൈേദ്രാസ്, പി.ടി. മുഹമ്മദ് മാസ്റ്റർ, അബ്്ദുൽകരീം അയിലൂർ, കെ.പി. ബാപ്പുട്ടി, കെ.ബി.എ. സമദ്, കെ.കെ.എ. അസീസ്, അഡ്വ. ടി.എ. സിദ്ദീഖ്, പി.എ. സലാം മാസ്റ്റർ, റഷീദ് ആലായൻ, എം.എസ്. അലവി, അഡ്വ. മുഹമ്മദലി മറ്റാംതടം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.