ചാലിയാര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന് റിപ്പോര്‍ട്ടായി

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ക്ക് പ്രയോജനപ്പെടുന്ന സമഗ്ര കുടിവെള്ള വിതരണ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തി​െൻറ വിശദമായ എൻജിനീയറിങ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി മാത്യു ടി. തോമസ് നിയമസഭയെ അറിയിച്ചു. ചാലിയാര്‍ പുഴ സ്രോതസ്സായി പ്രതിദിനം 37 ദശലക്ഷം ലിറ്റര്‍ സ്ഥാപിത ശേഷിയുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍പ്പറ്റ എന്നീ പഞ്ചായത്തുകളെയും സമീപമുള്ള തൃക്കലങ്ങോട്, പോരൂര്‍ എന്നീ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി. ഈ പഞ്ചായത്തുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പദ്ധതികളൊന്നും നിലവിലില്ല. 2011ലെ സെന്‍സസ് പ്രകാരം പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍പ്പറ്റ എന്നീ മൂന്നു പഞ്ചായത്തുകളിലുമായി 1,14,279 പേർ അധിവസിക്കുന്നുണ്ട്. പുഴയുടെ സാമീപ്യമില്ലാത്ത ഈ പ്രദേശത്തെ ജനങ്ങള്‍ കിണറുകൾ, കുളങ്ങൾ എന്നിവയെയാണ് ശുദ്ധജലത്തിന് ആശ്രയിക്കുന്നത്. വേനല്‍ക്കാലത്ത് കിണറുകളില്‍ ജലലഭ്യത ഇല്ലാതാവുന്നതിനാല്‍ ജനങ്ങള്‍ കുടിവെള്ളത്തിന് വളരെയധികം ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. ഇതിനു പരിഹാരമായാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. പി. ഉബൈദുല്ല എം.എല്‍.എ ഉന്നയിച്ച സബ്മിഷനാണ് മന്ത്രി മറുപടി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.