ആന ഇടഞ്ഞു; പത്തോളം പേർക്ക് പരിക്ക്

വടക്കഞ്ചേരി: പുത്തിരിപ്പാടത്ത് പള്ളിനേർച്ചക്ക് കൊണ്ടുവന്ന ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ കോലാഹലത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. പൊലീസുകാരുടെ അനാവശ്യ ഇടപെടലാണ് പരിക്കേൽക്കാൻ കാരണമെന്നാരോപിച്ച് ആളുകൾ പൊലീസിനെ ആക്രമിച്ചു. മർദനത്തിൽ വടക്കഞ്ചേരി എസ്.ഐ മുഹമ്മദ് കാസിമിനും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തൃശൂർ ആമ്പല്ലൂർ കൂട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞ് മണിക്കൂറുകളോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയത്. നേർച്ച കഴിഞ്ഞ് ആനയെ നടത്തിക്കൊണ്ട് പോകുന്നതിനിടെ പുതുക്കോട് ചന്തപ്പുരയിൽവെച്ചാണ് ഇടഞ്ഞത്. ചന്തപ്പുര ആശുപത്രി വഴി കളയംക്കുന്ന് (ശങ്കരത്ത് പറമ്പ്) റോഡിലൂടെ ഓടിയ ആന 200 മീറ്റർ പിന്നിട്ട് റോഡിന് വശത്തെ സുലൈമാൻ എന്നയാളുടെ റബർ തോട്ടത്തിലേക്കിറങ്ങി. റബർ മരങ്ങളും കുരുമുളക് കൊടികളും വാഴകളും നശിപ്പിച്ച് അവിടെ നിലയുറപ്പിച്ചു. ആനയുടെ മുൻകാലുകളിലും ചങ്ങലയുണ്ടായിരുന്നതിനാൽ വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല. പാപ്പാന് നേരെയായിരുന്നു ആനയുടെ കലി. വിവരമറിഞ്ഞ് മറ്റു ആനകളുടെ പാപ്പാൻന്മാർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ആനയെ തളച്ചത്. ആന ഇടഞ്ഞ സമയം മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരാണ് ജനത്തെ നിയന്ത്രിച്ചത്. എന്നാൽ, ആളുകൾ തിങ്ങിക്കൂടിയതോടെ എസ്.ഐ മുഹമ്മദ് കാസിമി​െൻറ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഭവസ്ഥലത്തെത്തി. പൊലീസ് ജനത്തെ വിരട്ടിയോടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം. നിലത്തുവീണും മതിലിൽ തട്ടിയുമാണ് പലർക്കും പരിക്കേറ്റത്. പൊലീസ് വലിയ ശബ്ദമുണ്ടാക്കി ആളുകളെ സംഭവസ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചപ്പോൾ ആന പിന്നാലെ വരികയാണെന്ന് ധരിച്ച് ആളുകൾ ചിതറിയോടി. എന്നാൽ, നിജസ്ഥിതി അറിഞ്ഞ നാട്ടുകാർ പൊലീസുകാർക്കെതിരെ തിരിയുകയായിരുന്നു. ഹോം ഗാർഡിനെ സമീപത്തെ വീട്ടിൽ ഒളിപ്പിച്ചാണ് നാട്ടുകാരിൽനിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസുകാർക്കെതിരെയുള്ള ആക്രമണം ചെറുതായി കാണില്ലെന്ന് എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.