പൊതുപണിമുടക്കിൽ തേഞ്ഞിപ്പലം ഇരുട്ടിലായി

തേഞ്ഞിപ്പലം: പൊതുപണിമുടക്കിനെ തുടർന്ന് കെ.എസ്.ഇ.ബി തൊഴിലാളികൾ ജോലിക്കെത്താത്തതിനാൽ തേഞ്ഞിപ്പലത്ത് വിവിധ പ്രദേശം ഇരുട്ടിലായത് മണിക്കൂറുകൾ. ഞായറാഴ്ച രാത്രി ഏഴുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിൽ വൈദ്യുതി കാലുകളും മറ്റും തകർന്നിരുന്നു. കടക്കാട്ടു പാറയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി. ഇതേ തുടർന്നാണ് തേഞ്ഞിപ്പലം പഞ്ചായത്തിലെ ആലുങ്ങൽ, ചെനക്കലങ്ങാടി, കടക്കാട്ടുപാറ തുടങ്ങി പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയത്. വിവരം അധികൃതരെ അറിയിച്ചെങ്കിലും പണിമുടക്കായതിനാൽ ജോലി ചെയ്യാൻ പറ്റില്ലെന്ന വിവരമാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. 20 മണിക്കൂറിലധികമാണ് വൈദ്യുതി തടസ്സപ്പെട്ടത്. മാതാപ്പുഴ ഫീഡറിലേക്കുള്ള എച്ച്.ടി. ലൈനാണ് തകർന്നത്. പ്രേതിഷേധം ശക്തമായതോടെ ഫീഡർ മാറ്റിയാണ് വൈദ്യുതി ബന്ധം വിവിധ ഭാഗങ്ങളിൽ പുനഃസ്ഥാപിച്ചത്. തൊഴിലാളികളെത്തിയ ശേഷമേ വൈദ്യുതി വിതരണം പൂർണമായി പുനഃസ്ഥാപിക്കാനാകൂ എന്ന് ചേളാരി സെക്ഷൻ ഓഫിസിൽ നിന്നറിയിച്ചത് വാക്ക് തർക്കത്തിനിടയാക്കി. നാട്ടുകാർ പരാതിയുമായി കെ.എസ്.ഇ.ബി ഓഫിസിലെത്തിയത് ബഹളത്തിനിടയാക്കി. തുടർന്നാണ് അധികൃതർ ഇ ഫീഡർ മാറ്റി ഭാഗികമായി വൈദ്യുതി പുനഃസ്ഥാപിച്ചത്. വൈദ്യുതി കാൽ തകർന്ന പ്രദേശത്തുള്ള കുറച്ചു വീടുകളിൽ മാത്രമേ വൈദ്യുതി ബന്ധം നൽകാൻ കഴിയാത്തതായുള്ളൂ എന്ന് ചേളാരി എ.ഇ. പറഞ്ഞു. മറ്റു ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രിയോടെ തകരാർ പരിഹരിച്ചിട്ടുണ്ട്. ബാക്കി കുറച്ചു വീടുകളിൽ ചൊവ്വാഴ്ച തകരാർ പരിഹരിക്കാൻ കഴിയും എന്ന് ചേളാരി അസിസ്റ്റൻറ് എൻജിനീയർ റൈഹാനത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.