കുടിവെള്ള പൈപ്പ്​ പോകുന്നത്​ മലിനജലത്തിലൂടെ; പകർച്ചവ്യാധി ഭീതിയിൽ നാട്ടുകാർ, അനങ്ങാതെ അധികൃതർ

വളാഞ്ചേരി: കുടിവെള്ള പൈപ്പ് കടന്നുപോകുന്നത് മലിനജലത്തിലൂടെ. കുടിവെള്ള പൈപ്പി​െൻറ പ്രഷർ വാൾവ് നിലനിൽക്കുന്നതും ഇതേ ജലത്തിൽ. പുറത്തുള്ള മാലിന്യം കുഴലിലൂടെ അകത്തെത്തിയാൽ ഒരു ദേശത്തെയാകെ രോഗം കീഴടക്കിയേക്കാം. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയിൽനിന്ന് വളാഞ്ചേരി നഗരസഭയിലേക്ക് വരുന്ന പ്രധാന പൈപ്പാണ് മലിനജലത്തിലൂടെ കടന്നുപോകുന്നത്. എം.ഇ.എസ് കോളജിന് സമീപം കൊട്ടാരം തോട്ടിനോട് ചേർന്ന പ്രഷർ വാൾവാണ് മലിനജലത്തിലുള്ളത്. വളാഞ്ചേരി ടൗണിൽനിന്നുള്ള സകല മാലിന്യവും എത്തുന്ന പാങ്ങാടച്ചിറയിലെ വെള്ളമാണ് ഇവിടെയെത്തുന്നത്. ടൗണിലെ വിവിധ സ്ഥാപനങ്ങളിൽനിന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ എത്തുന്ന ഇടമാണിത്. മലിനജലം കുടിവെള്ള പൈപ്പിലേക്ക് കലരുന്നത് പകർച്ചവ്യാധികൾ ഉൾപ്പെടെ ആരോഗ്യ പ്രശ്‌നത്തിനിടയാക്കും. ഗെയിൽ വാതക നിയന്ത്രണ സ്റ്റേഷൻ നിർമാണം കൊട്ടാരംപാടത്ത് ആരംഭിച്ചതോടെ പാങ്ങാടൻചിറയിൽനിന്ന് കൊട്ടാരം തോട്ടിലേക്കുള്ള മലിനജലത്തി​െൻറ ഒഴുക്ക് തടസ്സപ്പെട്ടു. ചിറയിൽ കെട്ടിക്കിടന്ന മലിനജലം ഇതുവഴി ഊർന്നിറങ്ങി പ്രഷർ വാൾവുള്ള കുഴിയിലേക്ക് എത്തി. മഴ പെയ്തതോടെ മലിനജലത്തി​െൻറ വരവിന് ശക്തി കൂടി. നേരത്തെ ഇവിടെ വാൾവുണ്ടായിരുന്നെങ്കിലും തോട്ടിലെത്തുന്ന വെള്ളം കുടിവെള്ള പൈപ്പിൽ കയറാൻ സാധ്യതയുണ്ടായിരുന്നില്ല. കക്കൂസ് മാലിന്യം രാത്രി ഓടകളിലേക്ക് ഒഴുക്കിവിടുന്നത് പലപ്രാവശ്യം നഗരസഭ അധികൃതരെ അറിയിച്ചിരുന്നെങ്കിലും തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. വാട്ടർ അതോറിറ്റി അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. പ്രഷർ വാൾവിനോട് ചേർന്ന് മലിനജലം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങൾ ദുരിതത്തിലാകും. photo:mppas vly kudivellam ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ കൊട്ടാരംതോടിന് സമീപമുള്ള പൈപ്പ് ലൈനിലെ പ്രഷർ വാൾവ് മലിനജലത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.