കുന്നക്കാവിൽ ബസ് റോഡിൽ മറിഞ്ഞ് ഒമ്പതുപേർക്ക് പരിക്ക്

ഏലംകുളം/പെരിന്തൽമണ്ണ: നിയന്ത്രണംവിട്ട സ്വകാര്യ ബസ് കുന്നക്കാവ് ചെമ്മാട്ടപ്പടി ഇറക്കത്തിൽ റോഡിൽ കുറുകെ മറിഞ്ഞ് ഒമ്പതുപേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും ഇ.എം.എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇ.എം.എസ് ആശുപത്രിയിലുള്ള രണ്ട് പേരൊഴികെയുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഏലംകുളം ആറങ്ങോടൻ നൗഫൽ (39), ചെങ്ങണംപറ്റ താഴത്തേതിൽ ബാബുരാജ് (40) എന്നിവരാണ് ചികിത്സയിലുള്ളത്. കുന്നക്കാവ് സ്വദേശി ഗോവിന്ദൻ (72), അസം സ്വദേശി ഖുറൈഷ് അൻസാരി (30) എന്നിവരടക്കം മറ്റുള്ളവരുടെ പരിക്ക് നിസ്സാരമായതിനാലാണ് വിട്ടയച്ചത്. പെരിന്തൽമണ്ണയിൽനിന്ന് മുതുകുർശ്ശി വഴി ചെർപ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന വള്ളുവനാട് ബസാണ് തലകീഴായി മറിഞ്ഞത്. മുന്നിലെ ലീഫ് പൊട്ടിയതോടെ നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ റോഡി​െൻറ വലതുഭാഗത്തേക്ക് നീങ്ങി ചെറിയ തിട്ടയില്‍ കയറി ഇടത്തോട്ടു മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഞായറാഴ്ചയായത് കാരണം ബസിൽ യാത്രക്കാർ കുറവായിരുന്നു. സംഭവസമയം റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബസ് റോഡിന് കുറുകെ മറിഞ്ഞത് കാരണം ചെറുകര-മുതുകുർശ്ശി റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നാട്ടുകാർ ഇടപെട്ട് ബസ് റോഡി​െൻറ വശത്തേക്ക് വലിച്ചുനീക്കിയാണ് താൽക്കാലികമായി ഗതാഗതം ഒരുക്കിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനങ്ങളുടെ കൂടി സഹായത്തോടെ ബസ് നിവർത്തി രാവിലെ പത്തരയോടെയാണ് പൂർണതോതിൽ ഗതാഗതം സാധ്യമാക്കിയത്. പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പടം...PMNA MC 2 കുന്നക്കാവ് ചെമ്മാട്ടപ്പടിയിൽ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ ബസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.